ചെന്നൈക്ക് അല്‍പം വേഗത ലഭിച്ചതിനാല്‍ ഇത് ശക്തമായ ഒരു മത്സരമായിരിക്കും; അഭിപ്രായവുമായി രവി ശാസ്ത്രി
Cricket
ചെന്നൈക്ക് അല്‍പം വേഗത ലഭിച്ചതിനാല്‍ ഇത് ശക്തമായ ഒരു മത്സരമായിരിക്കും; അഭിപ്രായവുമായി രവി ശാസ്ത്രി
ശ്രീരാഗ് പാറക്കല്‍
Tuesday, 5th May 2026, 5:15 pm

ഐ.പി.എല്ലില്‍ ഇന്ന് (ചൊവ്വ) നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ഏറ്റുമുട്ടുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമിനും പോയിന്റ് നിര്‍ണായകമായതിനാല്‍ ശക്തമായ മത്സരം നടക്കുമെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

സീസണില്‍ ചെറിയ പിഴവുകള്‍ വരുത്തിയതിനാല്‍ ദല്‍ഹി വിജയിക്കേണ്ട മത്സരങ്ങള്‍ പരാജയപ്പെട്ടെന്നും ചെന്നൈയുടെ കാര്യത്തില്‍ ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ഫോമിലുള്ളത് വലിയ പോസിറ്റീവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ചെന്നൈ സൂപ്പര്‍ കിങ്സിന് അല്‍പം വേഗത ലഭിച്ചതിനാല്‍ ഇത് ശക്തമായ ഒരു മത്സരമായിരിക്കും. എന്നിരുന്നാലും, ഈ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് അല്‍പം നിര്‍ഭാഗ്യകരമായിരുന്നു. ചെറിയ പിഴവുകള്‍ വരുത്തിയതിനാല്‍ നിരവധി മത്സരങ്ങള്‍ അവര്‍ തോറ്റിട്ടുണ്ട്, അല്ലെങ്കില്‍ അവര്‍ക്ക് നാല് പോയിന്റുകള്‍ കൂടി ലഭിക്കുമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തി. അതിനാല്‍ അവരുടെ ബൗളിങ് അല്‍പം ശക്തമാകും.

ചെന്നൈ

ഋതുരാജ് ഗെയ്ക്വാദ് ഫോമിലേക്ക് വരുന്നത് വലിയ വ്യത്യാസമുണ്ടാക്കും, കാരണം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ മികവ് വന്നിട്ടുണ്ട്. സഞ്ജു സാംസണ്‍ മികച്ച ഫോമിലാണ്. ഏതെങ്കിലും ടീമിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, നിങ്ങള്‍ മത്സരത്തിലാണെന്ന് അര്‍ത്ഥമാക്കുന്നു. ഇത് ദല്‍ഹിയുടെ ഹോം മത്സരമായതിനാല്‍ അവര്‍ക്ക് നേരിയ മുന്‍തൂക്കം ലഭിക്കും. ഇവ വളരെ പ്രധാനപ്പെട്ട രണ്ട് പോയിന്റുകളാണ്,’ രവിശാസ്ത്രി ജിയോ ഹോട്‌സ്റ്റാറില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് സി.എസ്.കെ ദല്‍ഹിയെ നേരിടാനെത്തുന്നത്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്താണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് എത്തുന്നത്. നിലവില്‍ എട്ട് പോയിന്റാണ് ടീമുകള്‍ക്കുള്ളത്. പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരു കൂട്ടര്‍ക്കും വിജയം അനിവാര്യമാണ്.

Content Highlight: Ravi Shastri Talking About Chennai Super Kings And Delhi Capitals

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ