താന്‍ പരിശീലിപ്പിച്ചവരില്‍ ഏറ്റവും മികച്ച താരം മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഓസ്ട്രേലിയയിലും സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും താരം നടത്തിയ പ്രകടനങ്ങള്‍ അവിശ്വസനീയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി.
‘ഇന്ത്യ ഒന്നാം നമ്പര്‍ ടീമായ ആ അഞ്ച് വര്‍ഷത്തില്‍ കോഹ്ലിയുടെ പ്രകടനം മികച്ചതായിരുന്നു. അവനാണ് ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു, അവനെ ക്യാപ്റ്റനാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ ചുമതല ഏറ്റെടുത്തതിന് ശേഷവും ധോണിയ്ക്ക് ശേഷവും കോഹ്ലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്,’ ശാസ്ത്രി പറഞ്ഞു.
ബാറ്റര്‍ എന്ന നിലയില്‍ മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവാണ് കോഹ്ലിയുടെ പ്രധാന സ്‌കില്ലെന്നും ശാസ്ത്രി പറഞ്ഞു. അവന്‍ അഗ്രസീവായിരുന്നെങ്കിലും കളിച്ചിരുന്നത് നീതിയുക്തമായി ആയിരുന്നു. ടീമിനെ വിജയിപ്പിക്കാനും മുന്നോട്ട് നയിക്കാനുമുള്ള ശക്തമായ ആഗ്രഹവും കോഹ്ലിക്കുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രവി ശാസ്ത്രി നാല് വര്‍ഷമാണ് ഇന്ത്യന്‍ പരിശീലക കുപ്പായത്തിലെത്തിയത്. 2017ല്‍ അമരത്തെത്തിയ അദ്ദേഹം 2021 വരെ ടീമിന്റെ കോച്ചായി ഉണ്ടായിരുന്നു. ശാസ്ത്രി പരിശീലകനായ അതേ വര്‍ഷം തന്നെയാണ് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ നായകനായത്.
കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ 2019 ഏകദിന വേള്‍ഡ് കപ്പിന്റെ സെമിഫൈനലില്‍ എത്തുകയും 2011ല്‍ ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടുകയും ചെയ്തിരുന്നു. 2018 -19ല്‍ ഓസ്ട്രേലിയക്കെതിരെ 2- 1ന് ചരിത്ര ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് കോഹ്ലി ഇന്ത്യയെ നയിച്ചിരുന്നു.
കൂടാതെ, 68 ടെസ്റ്റുകളില്‍ നിന്ന് 40 വിജയങ്ങളുമായി വിരാട് കോഹ്ലി ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനാവായി. ഇന്ത്യന്‍ ടീമിനെ കോഹ്ലി വിവിധ ഫോര്‍മാറ്റില്‍ 213 മത്സരങ്ങളില്‍ 135 മത്സരങ്ങളില്‍ വിജയിപ്പിച്ചു.
Content Highlight: Ravi Shastri says that Virat Kohli is the best player he ever coached