ലോകകപ്പില്‍ ഈ ടീമുകള്‍ 300 റണ്‍സടിക്കും: രവി ശാസ്ത്രി
Cricket
ലോകകപ്പില്‍ ഈ ടീമുകള്‍ 300 റണ്‍സടിക്കും: രവി ശാസ്ത്രി
ഫസീഹ പി.സി.
Friday, 30th January 2026, 3:07 pm

ടി – 20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുക. അതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഓരോ ടീമുകളും.

ലോകകപ്പ് അടുക്കവേ ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ സംബന്ധിച്ച പ്രവചനങ്ങളുമായി മുന്‍ താരങ്ങള്‍ അടക്കം സജീവമാണ്. ഇപ്പോള്‍ ടൂര്‍ണമെന്റില്‍ 300 റണ്‍സ് അടിച്ചേക്കാവുന്ന ടീമുകളെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

രവി ശാസ്ത്രി. Photo: Gillfied⁷/x.com

ഇന്ത്യയെയും ഓസ്ട്രേലിയയെയുമാണ് ശാസ്ത്രി 300 റണ്‍സ് അടിക്കുന്ന ടീമുകളായി തെരഞ്ഞെടുത്തത്. ഇരു ടീമിലും നിലവാരമുള്ള താരങ്ങളും എക്‌സ്‌പ്ലോസീവ് ബാറ്റര്‍മാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.സി റിവ്യൂയില്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് സഞ്ജന ഗണേശനുമായി സംസാരിക്കുകയായിരുന്നു ശാസ്ത്രി.

‘ഇന്ത്യയും ഓസ്ട്രേലിയയുമായിരിക്കും 300 റണ്‍സ് അടിക്കുന്ന ടീമുകള്‍. ഇരു ടീമിലെയും താരങ്ങളുടെ നിലവാരം പരിശോധിക്കുമ്പോള്‍ ഈ നേട്ടത്തിലെത്താന്‍ ഏറ്റവും സാധ്യതയുള്ളവര്‍ ഇവര്‍ തന്നെയാണ്.

വളരെ എക്‌സ്‌പ്ലോസീവായ താരങ്ങളാണ് ഇന്ത്യന്‍ ടീമിലും ഓസ്ട്രേലിയന്‍ ടീമിലുമുള്ളത്. ടോപ് ഓര്‍ഡറില്‍ ഒരു ബാറ്റര്‍ക്ക് സെഞ്ച്വറിയടിക്കാന്‍ സാധിച്ചാല്‍ 300 എന്ന സ്‌കോര്‍ നേടുന്നത് എളുപ്പമാകും,’ ശാസ്ത്രി പറഞ്ഞു.

ഇന്ത്യൻ ടീം. Photo: BCCI/x.com

അതേസമയം, ടി – 20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ശ്രീലങ്കയുടെ പേരിലാണ്. 260 ആണ് ഉയര്‍ന്ന സ്‌കോര്‍. 2007ല്‍ കെനിയക്ക് എതിരെയായിരുന്നു ലങ്കന്‍ ടീം ഇത്ര റണ്‍സ് നേടിയത്.

ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ആ വര്‍ഷത്തെ ലോകകപ്പില്‍ തന്നെയാണ് പിറന്നത്. മെന്‍ ഇന്‍ ബ്ലൂവിന്റേത് 218 ആണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യ ലോകകപ്പ് എഡിഷനില്‍ ഇംഗ്ലണ്ടിന് എതിരെയാണ് ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ പിറന്നത്. അതേസമയം, ഓസ്ട്രേലിയയുടേതാകട്ടെ 201 റണ്‍സുമാണ്.

Content Highlight: Ravi Shastri predict Indian and Australia are that can cross 300-run mark in T20 World Cup 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി