''അതെല്ലാം ബാലാകോട്ട് ആക്രമണത്തിന്റെ തെളിവുകള്‍'';  സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വീഡിയോകള്‍ യഥാര്‍ത്ഥമാണെന്ന വാദവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
national news
''അതെല്ലാം ബാലാകോട്ട് ആക്രമണത്തിന്റെ തെളിവുകള്‍''; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വീഡിയോകള്‍ യഥാര്‍ത്ഥമാണെന്ന വാദവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 12:55 pm

ന്യൂദല്‍ഹി: ബാലാകോട്ട് വ്യോമ ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ കുടുംബങ്ങളെ പാക്കിസ്ഥാന്‍ സൈന്യം ആശ്വസിപ്പിക്കുന്നെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വീഡിയോ യഥാര്‍ത്ഥമാണെന്ന വാദവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.

ഇന്നലെ ബി.ജെ.പി ഹെഡ്ക്വാട്ടേഴ്‌സില്‍ വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളത്തിലാണ് ബാലാകോട്ട് ആക്രമണത്തിന് ശേഷം പ്രചരിക്കുന്ന വ്യാജ വീഡിയോകളെയെല്ലാം ശരിവെക്കുന്ന രീതിയില്‍ അദ്ദേഹം സംസാരിച്ചത്.

ബാലാകോട്ട് ആക്രമണത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സര്‍ക്കാരിനൊപ്പം നിന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു രവിശങ്കര്‍ പ്രസാദ് സംസാരം തുടങ്ങിയത്. വ്യോമാക്രമണത്തിന് ശേഷമുള്ള വീഡിയോകള്‍ പുറത്തുവിട്ട എല്ലാ മാധ്യമങ്ങളോടും നന്ദി പറയുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. “” ബാലാകോട്ട് ആക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക് സൈന്യം സ്ഥീകരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ട ടെലിവിഷന്‍ ചാനലുകള്‍ക്കെല്ലാം ഞാന്‍ നന്ദി പറയുകയാണ്. “”- എന്നായിരുന്നു മന്ത്രി പറഞ്ഞത്.

“”കൊല്ലപ്പെട്ട തീവ്രവാദികളുടെ കുടുബംത്തെ പാക് സൈന്യം ആശ്വസിപ്പിക്കുന്ന ഒരു വീഡിയോ കണ്ടു. പൊതുജനത്തിന് മുന്‍പില്‍ നിരവധി തെളിവുകള്‍ ഇപ്പോള്‍ ഉണ്ട്. നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിരിക്കുന്നു. രാജ്യത്തിന് മുന്‍പില്‍ ആ തെളിവുകള്‍ നിരത്തിയ എല്ലാ മാധ്യമങ്ങളോടും ഞാന്‍ നന്ദി പറയുകയാണ്. പാക്കിസ്ഥാന്‍ ആര്‍മി തന്നെ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നത് നാം കണ്ടു. വീഡിയോയില്‍ 200 പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യം അവര്‍ സ്ഥിരീകരിക്കുന്നുണ്ട്. “” എന്നായിരുന്നു മന്ത്രിയുടെ വാദം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ വീഡിയോ ബാലാകോട്ട് ആക്രമണത്തിന് ശേഷമുള്ളതല്ല. വീഡിയോ പുറത്തുവന്ന സമയത്ത് തന്നെ വീഡിയോയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

“ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ഇരുനൂറിലധികം ഭീകരര്‍ രക്തസാക്ഷിത്വം വഹിച്ചതായി പാക് സൈനികോദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചെന്ന് പറഞ്ഞുകൊണ്ടായിരുന്നു പാക് അധീന കാശ്മീരിലെ ആക്ടിവിസ്റ്റായ സെറിങ് എന്നയാള്‍ പ്രസ്തുത വീഡിയോ ഷെയര്‍ ചെയ്തത്.

എന്നാല്‍ വീഡിയോ ബാലാകോട്ട് സംഭവത്തെക്കുറിച്ചുള്ളതാണോയെന്ന് ഉറപ്പില്ലെന്നും സെറിങ് എ.എന്‍.ഐയോട് പ്രതികരിച്ചിരുന്നു.

വീഡിയോയില്‍ കൊല്ലപ്പെട്ടവരെ മുജാഹിദ് എന്നുവിശേഷിപ്പിച്ച സൈനികന്‍ പാക് സൈന്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരാണ് അവരെന്നും ദൈവത്തിന്റെ പ്രത്യേകസംരക്ഷണം അവര്‍ക്കുലഭിക്കുമെന്നും പറയുന്നുണ്ട്. ഭീകരരുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും സൈനികന്‍ വീഡിയോയില്‍ പറയുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്നാല്‍ വീഡിയോയില്‍ സംഭാഷണങ്ങള്‍ കൃത്യമായി പരിശോധിച്ചപ്പോള്‍ അതില്‍ ഒരിടത്തും 200 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന കാര്യം സൈന്യം സ്ഥീകരിക്കുന്നില്ലെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല ബാലാകോട്ട് ആക്രമണത്തെ കുറിച്ച് ഒന്നും അതില്‍ അവര്‍ പറയുന്നില്ലെന്നുമാണ് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

“”200 പേര്‍ പേര്‍ക്കൊപ്പം നിന്റെ അച്ഛനുമുണ്ടായിരുന്നു..ബാക്കിയെല്ലാവരും മടങ്ങിയെത്തി. നിന്റെ അച്ഛനൊഴിച്ച്. അദ്ദേഹം ദൈവത്തിന് പ്രിയപ്പെട്ടവനായിരിക്കും. അദ്ദേഹം മരിച്ചുവെന്ന് നിങ്ങള്‍ വിശ്വസിക്കരുത് എന്നായിരുന്നു കുഞ്ഞിനെ മടിയിലിരുത്തി പാക് സൈനികന്‍ പറയുന്നത്.

വീഡിയോയുടെ സത്യാവസ്ഥ അന്വേഷിച്ചപ്പോള്‍ മരണപ്പെട്ട വ്യക്തി പാക്കിസ്ഥാനിലെ സിവിലിയന്‍ പോര്‍ട്ടറാണെന്നാണ് വ്യക്തമായതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 28 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെടുന്നത്. എഹ്‌സാനുള്ള എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇക്കാര്യങ്ങള്‍ പാക് മാധ്യമങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 1 ന് സിംഗാര ദരോര എന്ന സ്ഥലത്ത് വെച്ചാണ് ഇദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ബാലാകോട്ട് നിന്നും 300 കിലോമീറ്റര്‍ ദൂരമുള്ള സ്ഥലമാണ് ഇത്. മാത്രമല്ല മഞ്ഞുമൂടിക്കെട്ടിയ ഒരു പ്രദേശത്തെ വീഡിയോയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ബാലാകോട്ടോ സമീപപ്രദേശങ്ങളോ ഇത്തരത്തില്‍ മഞ്ഞാല്‍ മൂടപ്പെട്ട സ്ഥലങ്ങളല്ല.

ഇത്തരത്തില്‍ ബാലകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്ന മിക്ക വീഡിയോകളും വ്യാജമാണെന്ന് തെളിയിക്കപ്പെട്ടശേഷവും
ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ളവരും അവയെല്ലാം യഥാര്‍ത്ഥമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.