ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററുമായ രവിശാസ്ത്രി. ഫെബ്രുവരി 23ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ ക്ലാസിക് മത്സരത്തിന് വേദിയാകുന്നത്.
ഇതിന് മുമ്പ് 2021 ടി-20 ലോകകപ്പിലാണ് ഇതേ വേദിയില്‍ ഇന്ത്യ പാകിസ്ഥാനെ നേരിട്ടത്. അന്ന് നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഐ.സി.സി ലോകകപ്പുകളില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു അത്.
വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ മുഹമ്മദ് റിസ്വാന്റെയും ബാബര്‍ അസമിന്റെയും കരുത്തില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയം സ്വന്തമാക്കുകയായിരുന്നു.
എന്നാല്‍ ടി-20 ഫോര്‍മാറ്റുകളില്‍ അട്ടിമറികളുണ്ടാകാമെന്നും എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ അതല്ല എന്നുമാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെ ശാസ്ത്രി പറഞ്ഞത്.
‘അന്നത്തെ മത്സരം ഒരു അന്താരാഷ്ട്ര ടി-20 മത്സരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ 50 ഓവര്‍ ഫോര്‍മാറ്റിലാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇത് ഇന്ത്യക്ക് അനുകൂലമായിരിക്കും. കാരണം ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റില്‍ അട്ടിമറി വിജയങ്ങള്‍ക്കുള്ള സാധ്യതകളുണ്ട്. എന്നാല്‍ ഈ ടൂര്‍ണമെന്റ് മറ്റൊരു രീതിയിലാണ് കളിക്കുന്നത്,’ ശാസ്ത്രി പറഞ്ഞു.
‘ഇന്ത്യയുടെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് യൂണിറ്റുകള്‍ ഏറെ എക്‌സ്പീരിയന്‍സ്ഡാണ്. മാന്‍ ടു മാന്‍ താരതമ്യം നടത്തുമ്പോള്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ എത്രയോ മികച്ച ടീമാണ്,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര കളിച്ചാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. അതേസമയം, പാകിസ്ഥാനാകട്ടെ ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്കെതിരെ ട്രൈസീരീസും കളിക്കും.
പാകിസ്ഥാനെതിരെ എന്ത് വിലകൊടുത്തും വിജയിക്കണമെന്നും ശാസ്ത്രി പറഞ്ഞു.
‘നിങ്ങള്‍ക്ക് ഒരിക്കലും ഈ മത്സരം നിസ്സാരമായി കാണാന്‍ സാധിക്കില്ല. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിങ്ങള്‍ എന്ത് തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയാലും ഈ മത്സരം വിജയിച്ചേ മതിയാകൂ.
അഥവാ നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ അടുത്ത ടൂര്‍ണമെന്റില്‍ നിങ്ങളവരെ നേരിടുന്നതുവരെ ആ തോല്‍വി ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.