രാവണപ്രഭു: റീ റിലീസ് പോസ്റ്ററിൽ പുത്തഞ്ചേരിയുടെ പേരില്ല; ചില ഓർമക്കുറവിന് പേര് നന്ദികേടെന്ന് വിമർശനം; പിന്നാലെ തിരുത്ത്
Malayalam Cinema
രാവണപ്രഭു: റീ റിലീസ് പോസ്റ്ററിൽ പുത്തഞ്ചേരിയുടെ പേരില്ല; ചില ഓർമക്കുറവിന് പേര് നന്ദികേടെന്ന് വിമർശനം; പിന്നാലെ തിരുത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th October 2025, 1:17 pm

വഴി മാറെടാ മുണ്ടക്കൽ ശേഖരാ… എന്ന ഡയലോഗ് പറയാത്ത മലയാളി സിനിമാ പ്രേക്ഷകരാരും ഉണ്ടാകില്ല. രാവണ പ്രഭു എന്ന ഹിറ്റ് ചിത്രത്തിലെ ഡയലോഗാണിത്. 24 വർഷങ്ങൾക്കിപ്പുറം ചിത്രം റീ റിലീസ് ചെയ്തപ്പോഴും അതേ ഓളം തന്നെയാണ് തിയേറ്ററിൽ സൃഷ്ടിച്ചത്.

എന്നാൽ ചിത്രത്തിന്റെ റീ റിലീസ് പോസ്റ്റർ വന്നപ്പോൾ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗാനരചയിതാവ് മനു മഞ്ജിത്ത്.

പുതിയ 4k പതിപ്പിന്റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ ഗിരീഷ് പുത്തഞ്ചേരി എന്ന പേര് ഒഴിക്കിയത് ആരുടെ ധൈര്യമാണെന്ന് അറിയില്ലെന്നും ചില ഓർമക്കുറവുകൾക്ക് പേര് നന്ദികേട് എന്നാണെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

പുതിയ 4K പതിപ്പിന്റെ പോസ്റ്ററിലേക്ക് പഴയ പേരുകൾ പകർത്തി എഴുതുമ്പോൾ അതിൽ ‘ഗിരീഷ് പുത്തഞ്ചേരി’ എന്നൊരു പേര് ഒഴിവാക്കിക്കളയാനുള്ള ‘ധൈര്യം’ തോന്നിയത് ആർക്കാണെന്നറിയില്ല. ഇപ്പോഴും തിയേറ്ററിൽ കേൾക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോൾ ഉരുവിടുന്നത് ‘കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്’…, ‘മഴക്കാറ് മായം കാട്ടും രാവാണേ’ എന്നും…
ഉള്ളുവിങ്ങുന്നത് ‘തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും ഒരു രുദ്രതാളമായ് ചേർന്നിരുന്നു’… എന്നും… ‘വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരു’മ്പോൾ അതിനൊത്ത് പ്രണയിച്ചുമാണ്.
അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചുപോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല. പോവില്ല.
ചില ഓർമക്കുറവുകൾക്ക് പേര് ‘മറവി’ എന്നല്ല.
‘നന്ദികേട്’ എന്നാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട അണിയറപ്രവർത്തകർ പുതിയ പോസ്റ്ററിൽ തിരുത്തിയെന്നും അങ്ങനെ വിട്ടുകളയാൻ പാടുള്ള പേരല്ല ഗിരീഷ് പുത്തഞ്ചേരിയെന്നും മറ്റൊരു പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെച്ചു.

ഒക്ടോബർ 10നാണ് രാവണപ്രഭു തിയേറ്ററിൽ എത്തിയത്. രഞ്ജിത്ത് തിരക്കഥ നിർവഹിച്ച് സംവിധാന അരങ്ങേറ്റത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് രാവണപ്രഭു.
4K, ഡോൾബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവിലേക്ക് റീമാസ്റ്റർ ചെയ്യപ്പെട്ടാണ് വീണ്ടും എത്തിയത്. മോഹൻലാൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ എത്തിയ ചിത്രം 2001ലാണ് പ്രദർശനത്തിലെത്തിയത്.

മംഗലശേരി നീലകണ്ഠനായും മകൻ കാർത്തികേയൻ ആയിട്ടുമാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് രാവണപ്രഭു നിർമിച്ചത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരത്തിന്റെ തുടർച്ചയാണ് രാവണപ്രഭു.

Content Highlight: Ravanaprabhu: Criticism over Puthenchery’s name not being present in re-release poster