വഴി മാറെടാ മുണ്ടയ്ക്കല്‍ ശേഖര; 'തല'യെ വെട്ടി മംഗലശ്ശേരി നീലകണ്ഠന്റെ ആറാട്ട്
Malayalam Cinema
വഴി മാറെടാ മുണ്ടയ്ക്കല്‍ ശേഖര; 'തല'യെ വെട്ടി മംഗലശ്ശേരി നീലകണ്ഠന്റെ ആറാട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st October 2025, 1:20 pm

കളക്ഷനില്‍ ഛോട്ടോ മുബൈയുടെ റീ റിലീസ് റെക്കോര്‍ഡിനെ മറികടന്ന് രാവണ പ്രഭു. ഒക്ടോബര്‍ 10ന് റീ റിലീസ് ചെയ്ത ചിത്രം പത്ത് ദിവസങ്ങള്‍ക്കൊണ്ട് 4.45 കോടിക്ക് മുകളില്‍ കളക്ഷനാണ് സ്വന്തമാക്കിയത്. മംഗലശ്ശേരി നീലകണ്ഠനായും കാര്‍ത്തികേയനായും മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തെ വീണ്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

തലമുറകളുടെ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ രാവണപ്രഭുവിനെ ആഘോഷമാക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മലയാളത്തിലെ റീറീലീസുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് മോഹന്‍ലാലിന്റെ തന്നെ ദേവദൂതനാണ്. കൗതുകമെന്താണെന്നാല്‍ റീ റിലീസ് ചെയ്ത മലയാള സിനിമയുടെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷനില്‍ നാല് കോടിക്ക് മുകളില്‍ നേടുന്ന അഞ്ച് സിനിമകളും മോഹന്‍ലാലിന്റേതാണ്.

5.40 കോടിയാണ് ദേവദൂതന്റെ കളക്ഷന്‍. 4.94 കോടി കളക്ഷന്‍ നേടി സ്ഫടികം രണ്ടാം സ്ഥാനത്തും 4.71 കോടി കളക്ഷന്‍ നേടി മണിച്ചിത്രത്താഴ് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ഛോട്ട മുബൈയുടെ കളക്ഷന്‍ 4.31 കോടിയായിരുന്നു. ഈ കളക്ഷനെ മറികടന്നാണ് രാവണ പ്രഭു ഇപ്പോള്‍ നാലാം സ്ഥാനത്ത് എത്തിയത്.

രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, സിദ്ദിഖ്, ഇന്നസെന്റ്, വസുന്ധര ദാസ്‌, നെപ്പോളിയന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2001-ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ദേവാസുരം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് രാവണപ്രഭു. റീ റിലീസ് വേണമെന്ന് മോഹന്‍ലാല്‍ തന്നെ പലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ള സിനിമ കൂടിയാണ് രാവണപ്രഭു.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ഈ വര്‍ഷത്തെ ആദ്യ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. 237 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ എമ്പുരാനും ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.

Content highlight: Ravana Prabhu breaks Chotta  Mumbai’s re release record  collections