ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 164 റണ്‍സ് വിജയലക്ഷ്യം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്.
ഗുജറാത്ത് ബൗളിങ്ങില്‍ ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ നേടി തിളങ്ങിയപ്പോള്‍ പഞ്ചാബ് ബാറ്റിങ് നിര തകരുകയായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ കൈപ്പിടിയിലാക്കിയത്. മുഹമ്മദ് സിറാജ്, കാഗിസോ റബാദ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
റാഷിദ് ഖാന്റെ ഒറ്റ വിക്കറ്റോടെ ഐ.പി.എല്ലില്‍ 90 ഇന്നിങ്സുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന സ്പിന്നര്‍മാരില്‍ ഒന്നാം സ്ഥാനവും റാഷിദ് ഖാന്‍ സ്വന്തമാക്കി. 111 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.
90 ഇന്നിങ്സുകളില്‍ 110 വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ മറികടന്നാണ് അഫ്ഗാന്‍ താരത്തിന്റെ കുതിപ്പ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ ചഹലിനേക്കാള്‍ വേഗതയിലാണ് അഫ്ഗാന്‍ താരത്തിന്റെ വിക്കറ്റ് വേട്ട.
അതേസമയം മത്സരത്തില്‍ തുടക്കത്തില്‍ തന്നെ പഞ്ചാബ് ബാറ്റിങ് നിര സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയപ്പോള്‍ സൂര്യന്‍ഷ് ഷെഡ്ജയുടെയും മാര്‍ക്കസ് സ്റ്റോയ്ണിസിന്റെയും കൂട്ടുകെട്ടാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ഷെഡ്ജ അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 29 പന്തില്‍ 57 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സ്റ്റോയ്ണിസ് 31 പന്തില്‍ 40 റണ്‍സും നേടി തിളങ്ങി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരം സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു മാര്‍ക്കോ യാന്‍സണും നിര്‍ണായകമായി. 11 പന്തില്‍ 20 റണ്‍സാണ് മാര്‍ക്കോ നേടിയത്.
Content Highlight: Rashid khan Great Wicket Taking Achievement in IPL