അത്‌ലറ്റിക്കോ ബില്‍ബാവോ സൂപ്പര്‍ താരം നിക്കോ വില്യംസിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന ബാഴ്‌സലോണയുടെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം റഫീന്യ.
നിക്കോ വില്യംസിനെ സ്വന്തമാക്കുകയാണെങ്കില്‍ താന്‍ ടീം വിടുമെന്ന് താരം ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വമ്പന്‍ ഓഫറുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റഫീന്യയ്ക്ക് പിന്നാലെയെത്തിയ സാഹചര്യത്തില്‍ക്കൂടിയാണിത്.
ഫുട്‌ബോള്‍ 365ന്റെ റിപ്പോര്‍ട്ട് പ്രകാരം 127 മില്യണ്‍ പൗണ്ട് റഫീന്യയ്ക്കായി നല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറാണ്. ആന്തണി, മാര്‍കസ് റാഷ്‌ഫോര്‍ഡ്, അലഹാന്‍ഡ്രോ ഗര്‍ണാച്ചോ, ജെയ്ഡന്‍ സാഞ്ചോ എന്നിവരെ ‘വിറ്റുകിട്ടുന്ന’ തുക ഉപയോഗിച്ച് റഫീന്യയെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിക്കാതെ വന്നതോടെ ടീം ഈ നീക്കത്തില്‍ നിന്നും പിന്മാറിയെന്ന് സൗത്ത് അമേരിക്കന്‍ ജേണലിസ്റ്റ് മിഗ്വല്‍ ഏയ്ഞ്ചല്‍ ലോപസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഈ സമ്മറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബാഴ്‌സലോണയില്‍ നിന്ന് റഫീന്യയെ സ്വന്തമാക്കാന്‍ ശ്രമിക്കും. റൂബന്‍ അമോരിം റഫീന്യയുടെ വളരെ വലിയ ആരാധകനാണ്.
എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ സാധിക്കാതെ വന്നത് അവരുടെ ബഡ്ജറ്റിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇത് ഒരുപക്ഷേ ബ്രസീല്‍ താരത്തെ സ്വന്തമാക്കുന്നതില്‍ നിന്നും ടീമിനെ പിന്തിരിപ്പിച്ചേക്കും,’ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, നിക്കോ വില്യംസിനെ കൊണ്ടുവരാനുള്ള ശ്രമത്തില്‍ റഫീന്യ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
‘ഇതുപോലുള്ള പോസ്റ്റുകള്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടിരുന്നു. എന്നാല്‍ അതൊരു മോശം തമാശ മാത്രമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ഇത് തീര്‍ത്തും അനാദരവാണ്.
ഇവിടെയുള്ള താരങ്ങളെ നിങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങള്‍ ഇവിടെ ഏറ്റവും മികച്ചത് നല്‍കുകയും ക്ലബ്ബിനായി പോരാടുകയും ചെയ്യുകയാണ്,’ എന്നാണ് നിക്കോ വില്യംസിന്റെ വരവിനെ കുറിച്ച് 2024 ഒക്ടോബറില്‍ റഫീന്യ പ്രതികരിച്ചത്.
നിക്കോ വില്യംസ്
ഇത്തവണ ബാഴ്‌സലോണ ഡൊമസ്റ്റിക് ട്രബിള്‍ പൂര്‍ത്തിയാക്കിയതില്‍ ബ്രസീല്‍ സൂപ്പര്‍ താരത്തിന്റെ പങ്ക് ഏറെ വലുതായിരുന്നു. ബാഴ്‌സലോണ ഒരിക്കല്‍ക്കൂടി ലാലിഗ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് റഫീന്യ ഫിനിഷ് ചെയ്തത്. 36 മത്സരത്തില്‍ നിന്നും 18 ഗോളുകളാണ് താരം സ്വന്തമാക്കിയത്.
ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ച താരം ഒമ്പത് അസിസ്റ്റുകളും തന്റെ പേരില്‍ കുറിച്ചു. സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരം ഒരുക്കി നല്‍കിയവരുടെ പട്ടികയില്‍ മൂന്നാമതാണ് റഫീന്യ.
Content Highlight: Raphinha is reportedly unhappy with Barcelona signing Nico Williams