റായ്പൂര്‍: ബംജറംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മയുടെ നേതൃത്വത്തില്‍ തങ്ങളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍.
ആദ്യമായിട്ടാണ് ഈ പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. റിപ്പോര്‍ട്ടറാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കന്യാസ്ത്രീകള്‍ നിരപരാധികളാണെന്നും മതപരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
പൊലീസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനമെന്നും റേപ്പ് ചെയ്യുമെന്ന് ഒപ്പമുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരം മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം തങ്ങള്‍ പോയതെന്നും ഇവര്‍ പറഞ്ഞു.
പാചക ജോലിക്കാണെന്നും സംരക്ഷണം നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നെന്നും അല്ലാതെ മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു. ജ്യോതി ശര്‍മയെ ജയിലില്‍ അടയ്ക്കണമെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടര്‍ പറയുന്നു.
ഇന്നലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ തെളിവില്ലെന്ന് എന്‍.ഐ.എ കോടതി വ്യക്തമാക്കിയിരുന്നു.
പെണ്‍കുട്ടികള്‍ ക്രിസ്തീയ വിശ്വാസികളാണെന്നും പെണ്‍കുട്ടികളുടെ കൈവശം മാതാപിതാക്കളുടെ സമ്മതപത്രം ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരെ മുമ്പ് മറ്റ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ജൂലൈ 25നാണ് ഇവര്‍ അറസ്റ്റിലായത്. നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.
ടി.ടി.ആര്‍ തടഞ്ഞുവെച്ചതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. ഇതിനിടെ ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചത്. പിന്നാലെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.