തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍
Kerala News
തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th August 2023, 1:01 pm

 

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. കുണ്ടുതോട് സ്വദേശി ജുനൈദലിയെ ആണ് നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകരയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. നാദാപുരം ഡി.വൈ.എസ്.പി വി.വി ലധീഷിന്റെ നേതൃത്വത്തില്‍ പ്രതിയെ തൊട്ടില്‍പ്പാലം സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്ത് വരികയാണ്. കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ചയായിരുന്നു പെണ്‍കുട്ടിയെ പ്രതി തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലായിരുന്നു പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൊട്ടില്‍പ്പാലത്തിനടുത്ത സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

വാതില്‍ ചവിട്ടി തുറന്നായിരുന്നു പൊലീസ് വീടിനകത്ത് പ്രവേശിച്ചത്. വിവസ്ത്രയാക്കി കട്ടിലില്‍ കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതിക്കായി ഊര്‍ജിത അന്വേഷണം പൊലീസ് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്നലെയാണ് പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Content Highlights: Rape case in thottippalam; Accuse arrested