ന്യൂദല്‍ഹി: വിവാദവ്യവസായിയും മുന്‍ ഐ.പി.എല്‍ തലവനുമായ ലളിത് മോദിയുടെ സഹോദരന്‍ സമീര്‍ മോദിയെ ബലാത്സംഗക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ദല്‍ഹി കോടതിയാണ് സമീര്‍ മോദിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞദിവസം ദല്‍ഹി ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വെച്ചാണ് സമീര്‍ മോദിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. നേരത്തെ, ഇരയുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് സമീര്‍ മോദിക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസും പുറത്തുവിട്ടിരുന്നു.
ദല്‍ഹി പൊലീസിനാണ് സമീര്‍ മോദിക്ക് എതിരായ ബലാത്സംഗ പരാതി ലഭിച്ചത്. ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
നേരത്തെ നടന്ന കുറ്റകൃത്യമാണിതെന്ന് പൊലീസ് അറിയിച്ചു. ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി സൗഹൃദത്തിലായ സമീര്‍ മോദി വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.
സെപ്റ്റംബര്‍ 10നാണ് മോദിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സമീര്‍ മോദിയുമായി 2019 മുതല്‍ ബന്ധമുള്ള സ്ത്രീയാണ് പരാതിക്കാരി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചതെന്നും പിന്നീടാണ് ചതി മനസിലായതെന്നും ഇരയുടെ പരാതിയില്‍ പറയുന്നു.
അതേസമയം, പരാതി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തുടര്‍ന്ന് ഇരയ്‌ക്കെതിരായ പരാതിയിലും അന്വേഷണം നടത്തണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു.
ഓഗസ്റ്റ് എട്ടിനും 13നും ഭീഷണിമുഴക്കി പണം തട്ടിയെന്ന പരാതിയുമായി സമീര്‍ മോദി വിവിധ പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. 50 കോടി ആവശ്യപ്പെട്ടാണ് ഇരയായ യുവതി ഭീഷണി മുഴക്കിയതെന്ന് വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്നും വ്യക്തമാണെന്ന് പതിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.
പരാതി വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും സമീര്‍ മോദിയുടെ അഭിഭാഷകന്‍ സിമ്രാന്‍ സിങ് ആരോപിച്ചു.
പൊലീസ് ശരിയായ അന്വേഷണം നടത്താതെയാണ് നടപടിയെടുത്തത്. ഇത് നിയമത്തെ വളച്ചൊടിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്വേഷണസംഘത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ടെന്നു പറഞ്ഞ അഭിഭാഷകന്‍ മോദിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.