ജനപ്രതിനിധിയെന്ന നിലയില്‍ ജാഗ്രതക്കുറവുണ്ടായി, വിശദീകരണത്തില്‍ അതൃപ്തി; എല്‍ദോസിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു
Kerala News
ജനപ്രതിനിധിയെന്ന നിലയില്‍ ജാഗ്രതക്കുറവുണ്ടായി, വിശദീകരണത്തില്‍ അതൃപ്തി; എല്‍ദോസിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2022, 10:30 pm

കൊച്ചി: ബലാത്സംഗ കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെ.പി.സി.സി, ഡി.സി.സി അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്കാണ് എല്‍ദോസിനെ സസ്‌പെന്റ് ചെയ്തത്. മുതിര്‍ന്ന നേതാക്കളും അച്ചടക്ക സമിതിയും എല്‍ദോസിന്റെ വിശദീകരണം പരിശോധിച്ച ശേഷമാണ് നടപടിയെടുത്തത്.

എല്‍ദോസ് കെ.പി.സി.സിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ ജാഗ്രതക്കുറവുണ്ടായെന്നും കോണ്‍ഗ്രസ് വിലയിരുത്തി. എന്നാല്‍, എം.എല്‍.എയായി പെരുമ്പാവൂരില്‍ തുടരുന്നതിനോ മറ്റ് കാര്യങ്ങള്‍ക്കോ നിലവില്‍ യാതൊരു വിലക്കുമില്ല.

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ലഘുവായ നടപടിയെന്നാണ് കെ.പി.സി.സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. വിഷയം കൃത്യമായി പരിശോധിച്ച് തുടര്‍നടപടിയുണ്ടാകുമെന്നും കെ.പി.സി.സി പറയുന്നു.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിലിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വ്യവസ്ഥ അനുസരിച്ച് രാവിലെ ഒമ്പതിന് തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലെത്തിയ എല്‍ദോസ് കുന്നപ്പിള്ളിലിനെ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി അഞ്ച് ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വരുന്ന പത്ത് ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകണം.