ലൈംഗികാക്രമണക്കേസില്‍ പ്രതിയായ ബി.എസ്.പി സ്ഥാനാര്‍ഥിയെ കാണാനില്ല; മലേഷ്യയിലേക്കു കടന്നതായി സൂചന; ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് മായാവതി
D' Election 2019
ലൈംഗികാക്രമണക്കേസില്‍ പ്രതിയായ ബി.എസ്.പി സ്ഥാനാര്‍ഥിയെ കാണാനില്ല; മലേഷ്യയിലേക്കു കടന്നതായി സൂചന; ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് മായാവതി
ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 7:27 pm

ലഖ്‌നൗ: ഘോസി ലോക്‌സഭാ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ഥിയെ കാണ്മാനില്ല. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയിതാണ്. കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി അക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിനു തൊട്ടുപിറകെയാണ് സ്ഥാനാര്‍ഥിയായ അതുല്‍ റായിയെ കാണാതായത്. അറസ്റ്റ് ഭയന്ന് അതുല്‍ മലേഷ്യയിലേക്കു കടന്നതായാണ് ഉത്തര്‍പ്രദേശിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അതുലിനുവേണ്ടി ബി.എസ്.പിയും എസ്.പിയും ആര്‍.എല്‍.ഡിയും അടങ്ങുന്ന മഹാഗഡ്ബന്ധന്‍ വോട്ടുതേടുന്നതു സജീവമാണ്.

മേയ് ഒന്നിനാണ് അതുലിനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്നാണ് ബി.എസ്.പിയുടെ ആരോപണം. അറസ്റ്റ് ഭയന്ന് അതുല്‍ ഒളിവിലാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്നതിനു പിറകേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ അതുലിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നേരത്തേ മണ്ഡലത്തിലെത്തിയിരുന്നു. ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഇരയാണ് അതുലെന്നും അദ്ദേഹത്തെ വിജയിപ്പിച്ച് ഇത്തരം ഗൂഢാലോചനകള്‍ പരാജയപ്പെടുത്തേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണെന്നും മായാവതി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന മെയ് 23 വരെ അറസ്റ്റ് ഒഴിവാക്കാന്‍ അതുലിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. മെയ് 19-നു നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പിലാണ് ഘോസി മണ്ഡലവും പോളിങ് ബൂത്തിലെത്തുക.

ബി.എസ്.പി ടിക്കറ്റില്‍ 1999-ല്‍ ജയിച്ചുകയറിയ ബാല്‍കൃഷ്ണ ചൗഹാനാണു മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിറ്റിങ് എം.പി ഹരിനാരായണ്‍ രാജ്ഭറാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാര്‍ഥി. അതേസമയം നാലുവട്ടം സി.പി.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറിയ ഘോസിയില്‍ നിന്ന് അതുല്‍കുമാര്‍ അഞ്ജാനെയാണ് അവര്‍ ഇത്തവണ മത്സരിപ്പിക്കുന്നത്. 1962, 1967, 1971, 1980 വര്‍ഷങ്ങളിലായിരുന്നു മണ്ഡലം സി.പി.ഐയുടെ കൈകളിലായിരുന്നത്.

ഇതാദ്യമായല്ല ഘോസി മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ അസാന്നിധ്യമുണ്ടാകുന്നത്. 1996-ല്‍ പഞ്ചസാര കുംഭകോണത്തിലും ദാവൂദ് ഇബ്രാഹിമിന്റെ ആളുകള്‍ക്ക് ഒളിവിലിരിക്കാന്‍ സ്ഥലം നല്‍കിയെന്ന കുറ്റത്തിനും തിഹാര്‍ ജയിലിലായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കല്‍പ്പനാഥ് റായ് പ്രചാരണത്തിന്റെ ഒരുഘട്ടത്തില്‍പ്പോലും വോട്ടഭ്യര്‍ഥിച്ച് മണ്ഡലത്തിലെത്തിയിട്ടില്ല. എന്നാല്‍ സ്വതന്ത്രനായി അദ്ദേഹം ലോക്‌സഭയിലേക്കു ജയിച്ചുകയറി.