സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതി; മലയാളി നഴ്‌സിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, നഗ്ന വീഡിയോ അയച്ചുകൊടുത്തു
Kerala News
സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതി; മലയാളി നഴ്‌സിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, നഗ്ന വീഡിയോ അയച്ചുകൊടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th July 2022, 11:00 am

തിരുവനന്തപുരം: ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതി. പത്തനംതിട്ട സ്വദേശിനിയായ അമേരിക്കന്‍ മലയാളി നഴ്സാണ് ഗുരുപ്രസാദിനെതിരെ പീഡന പരാതി നല്‍കിയിരിക്കുന്നത്.

നാട്ടിലെത്തിയ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.

വടക്കന്‍ അമേരിക്കയില്‍ ശിവഗിരി മഠത്തിന് കീഴില്‍ ആശ്രമം സ്ഥാപിക്കാന്‍ വേണ്ടി യു.എസിലെ ടെക്സസില്‍ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

2019 ജൂലൈ 19ന് ടെക്സസിലെ തന്റെ വീട്ടില്‍ സ്വാമി ഗുരുപ്രസാദ് അതിഥിയായെത്തിയ സമയത്ത് സ്വാമി ഗുരുപ്രസാദ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ശാരീരികമായി ആക്രമിച്ചുവെന്നുമാണ് പരാതി.

പിന്നീട് സ്വാമി യുവതിക്ക് സ്വന്തം നഗ്ന വീഡിയോകള്‍ അയക്കുകയും ചെയ്തു. നഗ്നമായി യോഗ ചെയ്യുന്ന വീഡിയോയാണ് ഇയാള്‍ യുവതിക്ക് വാട്ട്സാപ്പില്‍ അയച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ ശിവഗിരി മഠത്തില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ യുവതിയെയും ഭര്‍ത്താവിനെയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഗുരുപ്രസാദ് ഭീഷണി മുഴുക്കി. ശിവഗിരി മഠം നടപടിയെടുക്കുമെന്ന ഘട്ടത്തില്‍ തനിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ സ്വാമി മാനനഷ്ടക്കേസ് നല്‍കിയിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

മാനനഷ്ടക്കേസ് അടിസ്ഥാനമില്ലന്ന് കണ്ട് കോടതി തള്ളിക്കളയുകയും കോടതിചിലവായി തനിക്കും ഭര്‍ത്താവിനും 30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ കൊടുക്കാന്‍ വിധിക്കുകയും ചെയ്തിരുന്നെന്നും എന്നാല്‍ ഈ തുക അടക്കുന്ന കാര്യത്തില്‍ സ്വാമി പ്രതികരിച്ചല്ലെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

ബലാത്സംഗ ശ്രമത്തിനെതിരെ യുവതി ടെക്‌സസ് കോടതിയിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ ഇന്ത്യയിലായിരുന്നത് കൊണ്ട് കേസ് തീര്‍പ്പായില്ല.

അമേരിക്കയില്‍ ശിവഗിരി മഠത്തിന്റെ ഒരു ആശ്രമം തുടങ്ങുന്നതിന് വേണ്ടിയായിരുന്നു ഗുരധര്‍മ പ്രചരണസംഘത്തിന്റെ ചുമതലയുണ്ടായിരുന്ന സ്വാമി ഗുരുപ്രസാദ് വിസിറ്റിങ് വിസയില്‍ ടെക്‌സസില്‍ എത്തിയത്. ടെക്‌സസ് സംസ്ഥാനത്ത് ഒരു നോണ്‍ പ്രോഫിറ്റ് സ്ഥാപനമായി സനാ- ശിവഗിരി മഠം എന്ന പേരില്‍ ആശ്രമം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ആശ്രമത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരുന്ന സമയത്താണ് പരാതിക്കാരിയായ യുവതിയുടെ വീട്ടില്‍ സ്വാമി അതിഥിയായെത്തിയത്. പരാതിക്കാരിയുടെ ഭര്‍ത്താവുമായും നാട്ടിലുള്ള കുടംബവുമായും അടുത്ത ബന്ധമുള്ളയാള്‍ കൂടിയായിരുന്നു സ്വാമി ഗുരുപ്രസാദ്.

സംഭവം പുറത്തുപറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഗുരുപ്രസാദ് യുവതിയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്.

സ്വാമി ഗുരുപ്രസാദിന്റെ അനുയായികള്‍ തനിക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയെന്നും തന്റെ അമ്മയെ സ്വാമിയുടെ അളുകള്‍ എന്ന് പറയുന്നവര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

Content Highlight: Rape attempt complaint against Sivagiri Mutt’s Swami Guruprasad by Malayali nurse in America