ആലപ്പുഴ: ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പത്താം പ്രതിക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ നവാസിനാണ് വധശിക്ഷ വിധിച്ചത്.
2024 ജനുവരി 30ന് കേസിലെ 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് വീക്ഷിച്ചുകൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇത്രയധികം പേര്‍ക്ക് വധശിക്ഷ വിധിക്കുന്നത്.
ജസ്റ്റിസ് വി.ജി. ശ്രീദേവിയാണ് മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ പത്താം പ്രതിയായ നവാസ് ആശുപത്രിയില്‍ ആയിരുന്നു. ഇന്ന് (വെള്ളി) വീഡിയോ കോള്‍ വഴി ഹാജരാക്കിയാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
നേരത്തെ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു.
13, 14, 15 പ്രതികളായ സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കള്‍, ഷംനാസ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തപ്പെട്ടിരുന്നു. കൂടാതെ ഒന്ന്, മൂന്ന്, ഏഴ് പ്രതികള്‍ സാക്ഷികളെ ഉപദ്രവിച്ചുവെന്ന കുറ്റവും ചെയ്തിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.
2022 ഡിസംബര്‍ 19ന് ആണ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം നടന്നത്. ആലപ്പുഴയിലെ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി രഞ്ജിത്ത് ശ്രീനിവാസനെ കുറ്റവാളികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
Content Highlight: Ranjith Sreenivasan murder case; Tenth accused sentenced to death