കുഞ്ഞില കാണിച്ചത് കുട്ടികളുടെ വികൃതി, ഒറ്റപ്പെട്ട സംഭവം: രഞ്ജിത്ത്
Kerala News
കുഞ്ഞില കാണിച്ചത് കുട്ടികളുടെ വികൃതി, ഒറ്റപ്പെട്ട സംഭവം: രഞ്ജിത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2022, 8:28 pm

കോഴിക്കോട്: അസംഘടിതര്‍ എന്ന തന്റെ ചിത്രം അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. കുഞ്ഞിലയുടേത് കുട്ടികളുടെ വികൃതിയാണെന്നും ഇത്തരം ചെറുകിട നാടകങ്ങള്‍ കൊണ്ട് ഫെസ്റ്റിവലിന് തടയിടാന്‍ സാധിക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

കുഞ്ഞിലയുടെ പ്രതിഷേധം ഒറ്റപ്പെട്ട സംഭവമാണെന്നും അക്കാദമി സ്റ്റാഫിന് സംഭവത്തില്‍ പങ്കില്ലെന്നും ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ഫോറത്തില്‍ രഞ്ജിത്ത് പറഞ്ഞു.

‘അവര്‍ ആദ്യം ചെയ്തത് വേദിയില്‍ കയറിയിട്ട് എന്റെ പേര് എഴുതിയ കസേരയില്‍ നിന്നും അത് വലിച്ച് കീറി കളഞ്ഞു. എന്നിട്ട് വേറൊരു പേപ്പര്‍ കീറിയിട്ട് ഇത് പിണറായി വിജയന്റെ മകന്റെ കസേരയാണ്, ഇതില്‍ ഇനി ഞാനാണ് ഇരിക്കുന്നതെന്ന് പറഞ്ഞു. ഇതിനെ എന്റെ ഭാഷയില്‍ വികൃതി എന്നേ പറയൂ, കുട്ടികളുടെ വികൃതി.

ഒരു ആന്തോളജി സിനിമയിലെ ഒരു സിനിമ മാത്രം അടര്‍ത്തിയെടുത്ത് ഇവിടെ കാണിക്കണം എന്നുള്ള ആവശ്യമായിട്ടാണ് അവര്‍ അക്കാദമിയെ സമീപിച്ചത്. അക്കാദമി അതിന്റെ സാങ്കേതികപരമായി സാധ്യമല്ല എന്ന ഉത്തരം നല്‍കുകയും ചെയ്തു.

സൗഹൃദത്തിന്റെ കൂടെ വലിയ ഇടമാണ് സിനിമ ഫെസ്റ്റിവല്‍. അവിടെ ആദ്യമേ വാളൂരി പിടിച്ച് ഇറങ്ങരുത്. അതിന് പറ്റിയ സ്ഥലങ്ങള്‍ വേറെയുണ്ട്. സംവിധായിക അഞ്ജലി മേനോന്‍ കൂടി ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തുകൊണ്ടാണ് കുഞ്ഞില എന്നോട് സംസാരിച്ചത്. വളരെ മാന്യമായ ഭാഷയില്‍ മൊബൈല്‍ ക്യാമറ ഓഫാക്കിയാലേ സംസാരിക്കുകയുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചത്.

പൊലീസ് ചെന്നപ്പോള്‍ കണ്ടത് ഫെസ്റ്റിവലിന് വന്ന അതിഥികള്‍ക്ക് വേണ്ടി ഇട്ട കസേരയില്‍ കയറിയിരുന്ന് അവര്‍ കാണിക്കുന്ന വികൃതിയാണ്. സംസ്ഥാനത്തെ ഒരു മന്ത്രിയും കോഴിക്കോട് മേയറും പങ്കടുക്കാന്‍ പോകുന്ന പരിപാടിയിലാണ് കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ അവര്‍ വികൃതി കാണിച്ചത്.

കുഞ്ഞിലയെ പൊലീസ് കൊണ്ടുപോകുമ്പോള്‍ അക്കാദമിയിലെ ഒരു സ്റ്റാഫ് പോലും അവിടെ ഉണ്ടായിരുന്നില്ല. അക്കാദമിയുടെ ഒരു സ്റ്റാഫിനും ഈ സംഭവത്തില്‍ പങ്കില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. ഇത്തരം ചെറുകിട നാടകങ്ങള്‍ കൊണ്ട് ഫെസ്റ്റിവലിന് തടയിടാന്‍ കഴിയില്ല,’ രഞ്ജിത്ത് പറഞ്ഞു.

Content Highlight: Ranjith said that Kunjila’s protest is the mischief of children and the festival cannot stop with such small plays