ആദ്യം ലഭിച്ചത് അഭിനയിക്കാനുള്ള അവസരം; കാസറ്റില്‍ എന്റെ ഫോട്ടോ ചിത്രചേച്ചിയോടൊപ്പം വന്നത് സന്തോഷ നിമിഷം: രഞ്ജിനി ജോസ്
Malayalam Cinema
ആദ്യം ലഭിച്ചത് അഭിനയിക്കാനുള്ള അവസരം; കാസറ്റില്‍ എന്റെ ഫോട്ടോ ചിത്രചേച്ചിയോടൊപ്പം വന്നത് സന്തോഷ നിമിഷം: രഞ്ജിനി ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th August 2025, 9:35 pm

മലയാളികള്‍ക്ക് സുപരിചിതയായ പിന്നണി ഗായികയാണ് രഞ്ജിനി ജോസ്. തന്റെ നീണ്ട 20 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അവര്‍ പാടിയിട്ടുണ്ട്.

റെഡ് ചില്ലീസ്, ദ്രോണ എന്നിങ്ങനെ ചുരുങ്ങിയ ചിത്രങ്ങളില്‍ രഞ്ജിനി അഭിനയിച്ചിട്ടുമുണ്ട്. 1999ല്‍ പിന്നണി ഗായികയായി തന്റെ കരിയര്‍ തുടങ്ങിയ സമയത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ രഞ്ജിനി.

‘അന്ന് ഞാന്‍ പ്ലസ്ടുവില്‍ പഠിക്കുകയായിരുന്നു. എന്റെ ആദ്യ സിനിമാ പാട്ട് ബേണി-ഇഗ്‌നേഷ്യസ് സാര്‍ ഒരുക്കി യ ”മേലേവാര്യത്തെ മാലാഖക്കുട്ടികള്‍” എന്ന സിനിമയിലായിരുന്നു. തൃശൂരിലെ ചേതന സ്റ്റുഡിയോയില്‍ ആണ് റെക്കോര്‍ഡ് ചെയ്തത്.

ആദ്യം ലഭിച്ചത് അഭിനയിക്കാനുള്ള ചാന്‍സായിരുന്നു. പിന്നെ അത് പാടാനുള്ള അവസരം ആയി മാറി. കാസറ്റില്‍ എന്റെ ഫോട്ടോ ചിത്രചേച്ചിയോടൊപ്പം വന്നപ്പോള്‍ അതായിരുന്നു എന്റെ ആദ്യ വലിയ സന്തോഷ നിമിഷം. അതിനുശേഷം ഞാന്‍ നിരവധി ഭാഷകളില്‍ 200-ലേറെ സിനി മകളില്‍ പാടി,’ രഞ്ജിനി ജോസ് പറയുന്നു.

ഇളയരാജ, എസ്.പി.ബി, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരോടൊപ്പം പാടിയ അനുഭവങ്ങളും സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള ഓര്‍മകളും അവര്‍ പങ്കുവെച്ചു.

‘വിദ്യാസാഗര്‍ സാര്‍, മനു രമേഷ്, ശരത്ത് സാര്‍ ഇവര്‍ക്കൊപ്പം എനിക്ക് വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ചു. എസ്പി ബി സാറിനൊപ്പം പാടാനും സാധിച്ചു. അതൊക്കെ സ്വപ്ന സാക്ഷാത്കാരമായിരുന്നു.

അഭിനയിച്ചത് വളരെ സ്വാഭാവികമായാണ് സംഭവിച്ചത്. മോഹന്‍ലാല്‍ സാറിനൊപ്പമുള്ള റെഡ് ചില്ലീസ്, മമ്മൂട്ടി സാറിനൊപ്പമുള്ള ദ്രോണ എന്നീ സിനിമകളില്‍ അവസരം ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച അവസരങ്ങള്‍ ആണ് അതെല്ലാം,’ രഞ്ജിനി പറഞ്ഞു.

Content Highlight:  Ranjini jose   about the time she started her career as a playback singer