'എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ട്..' മോദിയെ ട്രോളി രണ്‍ജി പണിക്കര്‍; ചര്‍ച്ചയായി വീഡിയോ
Entertainment news
'എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ട്..' മോദിയെ ട്രോളി രണ്‍ജി പണിക്കര്‍; ചര്‍ച്ചയായി വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th March 2024, 10:12 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി. തനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയാണ് ഇത്.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും പ്രധാനമന്ത്രി ആയതിന് ശേഷവും പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ടെന്ന് താരം പറയുന്നു.

നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി വളര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ നരേന്ദ്ര മോദി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി പറഞ്ഞത് ചെയ്യില്ലെന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ് തനിക്ക് അദ്ദേഹത്തെ വിശ്വാസമാണെന്ന് പറയുന്നതെന്ന വാക്കുകളിലൂടെയാണ് ആ വീഡിയോ അവസാനിക്കുന്നത്.

‘എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ട്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതിന് മുമ്പും പ്രധാനമന്ത്രി ആയതിന് ശേഷവും പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

അദ്ദേഹം പറഞ്ഞത്, വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കപെട്ട കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരും എന്നായിരുന്നു. എന്നാല്‍ കൊണ്ടുവന്നില്ല.

നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി വളര്‍ത്തുമെന്ന് നരേന്ദ്ര മോദി നമ്മളോട് പറഞ്ഞു. ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. എന്നാല്‍ നരേന്ദ്ര മോദി ജീവിച്ചിരിപ്പുണ്ട്.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായില്ല എന്ന് മാത്രമല്ല, ലോകത്തെ സാമ്പത്തിക ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി നില്‍ക്കുന്ന കാഴ്ച നമുക്ക് കാണാം.

നരേന്ദ്ര മോദി പറഞ്ഞത് ചെയ്യില്ല എന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ് എനിക്ക് നരേന്ദ്ര മോദിയെ വിശ്വാസമാണെന്ന് ഞാന്‍ പറയുന്നത്,’ രണ്‍ജി പണിക്കര്‍ വീഡിയോയില്‍ പറഞ്ഞു.

വീഡിയോക്ക് താഴെ നിരവധി ആളുകള്‍ കമന്റുമായി വന്നു. ചിലര്‍ തുടക്കം കേട്ടപ്പോള്‍ ഒരു നിമിഷം പേടിച്ചു പോയെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ വീഡിയോ മുഴുവനായി കാണാതെ അടുത്ത സങ്കി വരാന്‍ പോകുകയാണ് എന്നാണ് കമന്റിട്ടത്. ഒരാള്‍ ഒരു നിമിഷം രണ്‍ജി പണിക്കറിന്റെ പ്രേമം സിനിമയിലെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് ഇറങ്ങി വരുന്ന സീന്‍ ഓര്‍മ വന്നുവെന്നാണ് കമന്റിട്ടിരിക്കുന്നത്.


Content Highlight: Ranji Panicker  Trolled Narendhra Modi; Video In Discussion