'നീ വെറും പെണ്ണാണ്' എന്ന് പറയുന്നത് എങ്ങനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത്: രഞ്ജി പണിക്കർ
Film News
'നീ വെറും പെണ്ണാണ്' എന്ന് പറയുന്നത് എങ്ങനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത്: രഞ്ജി പണിക്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th October 2023, 10:54 pm

എന്താണ് പൊളിക്കൽ കറക്റ്റ്നസ് എന്ന് തനിക്ക് മനസിയിട്ടില്ലെന്ന് നടനും എഴുത്തുക്കാരനുമായ രഞ്ജി പണിക്കർ.

സമൂഹത്തിൽ ഉള്ള എല്ലാ കാര്യങ്ങളും സിനിമക്ക് ആധാരമാകുമെന്നും അതിൽ എന്താണ് തെറ്റുള്ളതെന്നും രഞ്ജി പണിക്കർ ചോദിക്കുന്നു.

തന്റെ ചിത്രമായ കിങ്ങിലെ ‘നീ വെറും പെണ്ണാണ്’ എന്ന ഡയലോഗ്‌ എങ്ങനെയാണ് സ്ത്രീ വിരുദ്ധമാകുന്നതെന്നും രഞ്ജി പണിക്കർ ചോദിക്കുന്നുണ്ട്.

‘നമ്മുടെ സമൂഹത്തിൽ സ്ത്രീ വിരുദ്ധമായിട്ടുള്ളതും മനുഷ്യ വിരുദ്ധമായിട്ടുള്ളതുമായ കുറെ കാര്യങ്ങൾ നടക്കുന്നില്ലേ..? മനുഷ്യന് വിരുദ്ധമായി സമുഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും എല്ലാ കാലത്തും സിനിമക്ക് ആധാരമാകാറുണ്ട്.

നീ വെറും പെണ്ണാണ് എന്ന് പറയുന്ന ഡയലോഗിൽ എന്താണ് പ്രശ്നം. മലയാളത്തിലെ 90 ശതമാനം പാട്ടുകളും, രാമായണം ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളും സ്ത്രീ വിരുദ്ധമല്ലേ.. കിങ്ങിൽ അങ്ങനെ ഒരു ഡയലോഗ് പറഞ്ഞത് ആ സാഹചര്യത്തിൽ മാത്രമാണ്. നമ്മുടെ വീടുകൾ എല്ലാം സ്ത്രീ വിരുദ്ധമല്ലേ,’ രഞ്ജി പണിക്കർ പറയുന്നു.

സിനിമയും സമുഹത്തിന്റെ ഭാഗമാണെന്നും സമുഹത്തിലുള്ള എല്ലാ പ്രശ്നങ്ങളും സിനിമയിലുണ്ടാകുമെന്നും രഞ്ജി പണിക്കർ കൂട്ടിച്ചേർക്കുന്നു.

രഞ്ജി പണിക്കർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ വെബ്സീരിസ് ആയ മാസ്റ്റർ പീസിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പെയിസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കർ ഇക്കാര്യങ്ങൾ പറഞ്ഞത്.

ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന വെബ്സീരിസാണ് മാസ്റ്റർ പീസ്.

ഷറഫുദ്ദീൻ, നിത്യാ മേനോൻ എന്നിവരും സീരിസിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഒരു ഫാമിലി എന്റർടെയ്‌നറാണ് സിരീസ് എന്നാണ് ട്രെയ്ലർ നൽകുന്ന സുചന.

സിരീസ് ഓക്ടോബർ 25 നാണ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങുക. മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ തുടങ്ങിയവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന സീരീസിന്റെ നിർമാതാവ് മാത്യു ജോർജ് ആണ്.

Content Highlight: Ranji Panicker about political Correctness in movies