മുഹമ്മദ് നബിയുടെ കഥ ഞാന്‍ സിനിമയാക്കുമെന്നൊന്നും പറയല്ലേ, കൈയും കാലും വെട്ടാനുള്ള പണിയാക്കരുത്; രഞ്ജന്‍ പ്രമോദ്
Malayalam Cinema
മുഹമ്മദ് നബിയുടെ കഥ ഞാന്‍ സിനിമയാക്കുമെന്നൊന്നും പറയല്ലേ, കൈയും കാലും വെട്ടാനുള്ള പണിയാക്കരുത്; രഞ്ജന്‍ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th September 2025, 3:30 pm

മീശമാധവന്‍, അച്ചുവിന്റെ അമ്മ, നരന്‍, മനസിനക്കരെ തുടങ്ങി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് രഞ്ജന്‍ പ്രമോദ്. ഓ. ബേബി, ഫോട്ടോഗ്രാഫര്‍, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം പലപ്പോഴും സിനിമാലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. 24 വര്‍ഷത്തെ കരിയറില്‍ വെറും 10 സിനിമകള്‍ മാത്രമാണ് അദ്ദേഹം ഒരുക്കിയത്.

ഡ്രീം പ്രൊജക്ട് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് രഞ്ജന്‍ പ്രമോദ്. ഡ്രീം പ്രൊജക്ട് എന്ന ഒന്ന് തനിക്കില്ലെന്നും നല്ലൊരു കഥ ശരിയാകുമ്പോള്‍ താന്‍ സിനിമ ചെയ്യുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു സിനിമ ചെയ്യാനാകുന്ന ഏതൊരു ഡീലും ഓക്കെയാണെന്നും ഈ സിനിമ മാത്രമേ ചെയ്യുള്ളൂ എന്ന തരത്തില്‍ വാശിയില്ലെന്നും രഞ്ജന്‍ പ്രമോദ് പറയുന്നു. മുഹമ്മദ് നബിയുടെ സിനിമ ചെയ്യുന്നു എന്ന് റൂമറുണ്ടല്ലോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

‘മുഹമ്മദ് നബിയുടെ കഥ ഞാന്‍ സിനിമയാക്കുമെന്നൊന്നും പറയല്ലേ, കൈയും കാലുമൊക്കെ വെട്ടാനുള്ള പണിയാക്കരുത്. നബിയുടെ കഥ സിനിമയാക്കുമെന്ന് എവിടെയും ഞാന്‍ പറഞ്ഞിട്ടില്ല. വിവാദമായേക്കാവുന്ന ഒരു റിലീജ്യസ് സബ്ജക്ട് മനസിലുണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. മുഹമ്മദ് നബിയുടെ കഥയല്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത്.

റിലീജ്യസായിട്ടുള്ള കണ്ടന്റായതുകൊണ്ട് അത് ചെയ്യാന്‍ പ്രയാസമാണ് എന്നായിരുന്നു അന്ന് പറഞ്ഞത്. അത് ഡ്രീം പ്രൊജക്ടായിട്ടല്ല, വലിയൊരു പ്രൊജക്ടായിട്ടാണ് മനസിലുണ്ടായിരുന്നത്. ഇപ്പോഴും അത് മനസിലുണ്ട്. ആര്‍ക്കും അറിയാത്ത ഒരു കാര്യം എനിക്ക് മാത്രം വെളിവാക്കപ്പെട്ടിരിക്കുകയാണ്. അത് എന്റെ മനസില്‍ തന്നെ വെക്കണോ അതോ എല്ലാവരിലേക്കും എത്തിക്കണോ എന്ന് അറിയാതെ നില്‍ക്കുകയാണ്,’ രഞ്ജന്‍ പ്രമോദ് പറയുന്നു.

സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ചുള്ള തന്റെ അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനോട് തനിക്ക് താത്പര്യമില്ലെന്ന് രഞ്ജന്‍ പ്രമോദ് പറയുന്നു. തനിക്ക് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ് അതെന്നും എഴുത്തുകാരനെ ഇല്ലാതാക്കുന്ന പരിപാടിയാണ് പൊളിറ്റിക്കല്‍ കറക്ട്‌നെസ്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ പറയുന്നതുപോലെ ജീവിക്കാന്‍ ഞാന്‍ തയാറല്ല. ഞാന്‍ പറയുന്നത് സൗകര്യമുണ്ടെങ്കില്‍ കേട്ടാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം. ഐ ഡോണ്ട് കെയര്‍ എബൗട്ട് പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ്. ഇപ്പോഴും അതിനോട് എനിക്ക് യോജിക്കാന്‍ പറ്റില്ല,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

Content Highlight: Ranjan Pramod saying he don’t have the paln to do the film about Muhammad Nabi