രുഗ്മിണിയെ റേപ്പ് ചെയ്യുമെന്ന് പറയുന്നവനല്ല ഞാനെഴുതിയ മാധവന്‍, ആ ഡയലോഗിന്റെ പേരില്‍ അയാളോട് ഞാന്‍ മിണ്ടിയിട്ടില്ല: രഞ്ജന്‍ പ്രമോദ്
Malayalam Cinema
രുഗ്മിണിയെ റേപ്പ് ചെയ്യുമെന്ന് പറയുന്നവനല്ല ഞാനെഴുതിയ മാധവന്‍, ആ ഡയലോഗിന്റെ പേരില്‍ അയാളോട് ഞാന്‍ മിണ്ടിയിട്ടില്ല: രഞ്ജന്‍ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th September 2025, 3:34 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രഞ്ജന്‍ പ്രമോദ്. രണ്ടാം ഭാവം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് രഞ്ജന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മീശമാധവന്‍, മനസിനക്കരെ, അച്ചുവിന്റെ അമ്മ തുടങ്ങി മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും രക്ഷാധികാരി ബൈജു ഒപ്പ്, ഓ. ബേബി, ഫോട്ടോഗ്രാഫര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

രഞ്ജന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2002ല്‍ പുറത്തിറങ്ങിയ മീശമാധവന്‍. ഇന്നും പലരുടെയും ഫേവറെറ്റായ മീശമാധവനിലെ ചില ഡയലോഗുകള്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നുണ്ട്. ദിലീപ് അവതരിപ്പിച്ച മാധവന്‍ എന്ന കഥാപാത്രം നായികയായ രുഗ്മിണിയുടെ വീട്ടില്‍ രാത്രി മോഷ്ടിക്കാന്‍ കയറുന്ന രംഗമാണ് വിമര്‍ശിക്കപ്പെടുന്നത്.

അങ്ങേയറ്റം പൊളിറ്റിക്കലി ഇന്‍കറക്ടായ ഡയലോഗ് നായകനെക്കൊണ്ട് പറയിപ്പിക്കുന്നത് മോശമാണെന്നാണ് സിനിമാപ്രേമികളുടെ വാദം. എന്നാല്‍ ആ ഡയലോഗ് താനല്ല എഴുതിയതെന്ന് പറയുകയാണ് തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്. ആ ഒരൊറ്റ ഡയലോഗ് കാരണം മീശമാധവന്‍ എന്ന സിനിമയുടെ കാര്യത്തില്‍ താന്‍ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഷൂട്ടിന്റെ സമയത്ത് എഴുതിച്ചേര്‍ത്ത ഡയലോഗാണത്. ആ സമയത്ത് തന്നെ അതിനെതിരെ ഞാന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അത് മാറ്റാമെന്നും ഫൈനല്‍ ഔട്ട് എന്നെ കാണിച്ചതിന് ശേഷമേ പുറത്തിറക്കുള്ളൂ എന്നും ലാല്‍ ജോസ് എനിക്ക് ഉറപ്പ് തന്നു. പക്ഷേ, ചെന്നൈയിലുണ്ടായിട്ടും എന്നെ ലാല്‍ ജോസ് വിളിച്ചില്ല. എറണാകുളത്തുള്ള ആളുകളെല്ലാം അത് കാണാനെത്തി. എന്തെങ്കിലും മിസ് കമ്മ്യൂണിക്കേഷനായിരിക്കാനാണ് സാധ്യത.

ആ ഡയലോഗില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ഇല്ലാത്തതുകൊണ്ടല്ല എനിക്ക് ഇഷ്ടമാകാത്തത്. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനോട് എനിക്ക് താത്പര്യമില്ല. ഞാന്‍ പറയുന്നതുപോലെയേ നിങ്ങള്‍ എഴുതാന്‍ പാടുള്ളൂ എന്ന് പറഞ്ഞാല്‍ പോയി പണിനോക്കാനേ ഞാന്‍ പറയൂ. ആ ഡയലോഗ് ഒരിക്കലും എന്റെ നായകന്‍ പറയുന്ന ഒന്നല്ല.

സ്‌നേഹിക്കുന്ന പെണ്ണിനെ റേപ്പ് ചെയ്യാന്‍ തോന്നുന്നു എന്ന് പറയുന്നവനല്ല എന്റെ നായകന്‍. ആ സീനില്‍ വേറെ ഡബിള്‍ മീനിങ് ഡയലോഗ് ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ, പീഡിപ്പിക്കുന്ന ഡയലോഗ് എന്റേതല്ല, അതിനോട് എനിക്ക് യോജിക്കാനുമായില്ല. ബാക്കി എല്ലാ കാര്യം കൊണ്ടും നല്ലൊരു സിനിമയാണത്. എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് മീശമാധവന്‍,‘ രഞ്ജന്‍ പ്രമോദ് പറയുന്നു.

Content Highlight: Ranjan Pramod about the Politically incorrect dialogue in Meeshamadhavan movie