രണ്ടാമൂഴം കേസ്; എം.ടിയുടെ ഹരജിയില്‍ സുപ്രീംകോടതിയുടെ സ്‌റ്റേ
Randamoozham
രണ്ടാമൂഴം കേസ്; എം.ടിയുടെ ഹരജിയില്‍ സുപ്രീംകോടതിയുടെ സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th February 2020, 4:46 pm

ന്യൂദല്‍ഹി: രണ്ടാമൂഴം കേസില്‍ സംവിധായകന്‍ വി.എ. ശ്രീകുമാറിന് എതിരെ എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹരജിയിലെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. നാലാഴ്ചയ്ക്ക് ശേഷം ഹരജിയില്‍ വാദം കേള്‍ക്കും.

ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ എം.ടി.ക്ക് നോട്ടീസ് അയച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി. നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് ശ്രീകുമാര്‍ മേനോന്‍ സുപ്രീംകോടതിയിലെത്തിയത്.

മഹാഭാരതത്തിലെ കഥാപാത്രമായ ഭീമന്റെ കഥ പറയുന്ന രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എം.ടിയും ശ്രീകുമാറും 2014 ലാണ് കരാര്‍ ഒപ്പുവെച്ചത്. അഞ്ച് വര്‍ഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചുചോദിച്ച് എം.ടി കോടതിയെ സമീപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എം.ടി ആദ്യം ഹര്‍ജി നല്‍കിയത്. ഇതേത്തുടര്‍ന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി.എ ശ്രീകുമാര്‍ അപ്പീല്‍ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുന്‍സിഫ് കോടതിയില്‍ തുടരുകയാണ്.

മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് ആദ്യം മുതലേ എംടിയുടെ നിലപാട്. എംടിയും വി.എ ശ്രീകുമാറുമായുള്ള കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു. നാല് വര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് എംടി, സംവിധായകനും നിര്‍മ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്.

WATCH THIS VIDEO: