ലീക്കായ ഫസ്റ്റ് ലുക്കിന് ശേഷം ശംശേറയുടെ ടീസര്‍ റിലീസ് ചെയ്തു
Entertainment news
ലീക്കായ ഫസ്റ്റ് ലുക്കിന് ശേഷം ശംശേറയുടെ ടീസര്‍ റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd June 2022, 3:41 pm

കരണ്‍ മല്‍ഹോത്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം ശംശേറയുടെ ടീസര്‍ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലീക്കായി സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. യശ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു രണ്‍ബീറിനെ കാണാന്‍ സാധിച്ചത്. ഇപ്പോള്‍ പുറത്തിറങ്ങിയ ടീസറും വമ്പന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. യശ് രാജ് ഫിലിംസിന്റെ യൂട്യുബ് ചാനലില്‍ തന്നെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.


1800 കളില്‍ ജീവിച്ച് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ ആളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. വാണി കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന് മുമ്പ് 2021 സെപ്റ്റംബറിലായിരുന്നു ചിത്രത്തെ പറ്റി അവസാനമായി ഒരു അപ്ഡേറ്റ് വന്നത്.

രണ്‍ബീര്‍ ആലിയ ജോഡികള്‍ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയ്‌ലറും കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് റന്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്‍ബീര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ശംശേറയില്‍ സഞ്ജയ് ദത്തും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight :  Ranbir kapoor starring Shamshera movie  offical teaser released