ഷാരൂഖ് ഖാന്‍ സിനിമയുടെ റെക്കോഡ് തകര്‍ത്ത് അനിമല്‍
Entertainment news
ഷാരൂഖ് ഖാന്‍ സിനിമയുടെ റെക്കോഡ് തകര്‍ത്ത് അനിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd December 2023, 9:44 pm

രണ്‍ബീര്‍ കപൂറിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘അനിമല്‍’. രശ്മിക മന്ദാന നായികയായെത്തിയ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഡിസംബര്‍ ഒന്നിനായിരുന്നു റിലീസിനെത്തിയത്.

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമല്‍’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനക്ക് പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും അഭിനയിക്കുന്നുണ്ട്.

രണ്‍ബീര്‍ കപൂറിന്റെ എക്കാലത്തെയും വലിയ ഓപ്പണറായി മാറിയ സിനിമയായിരുന്നു ഇത്. ഇപ്പോള്‍ ബോക്സ് ഓഫീസില്‍ ഷാരൂഖ് ഖാന്റെ ജവാന്‍ സിനിമയുടെ റെക്കോഡ് തകര്‍ത്തിരിക്കുകയാണ് ഈ രണ്‍ബീര്‍ ചിത്രം.

ജവാനെ മറികടന്ന്, ബോക്സ് ഓഫീസില്‍ 100 കോടി നേടുന്ന ഹിന്ദിയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ചിത്രമായി അനിമല്‍ മാറി. Sacnilk.comന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇത്.

അനിമലിന്റെ ഹിന്ദി വേര്‍ഷന്‍ സിനിമ പുറത്തിറങ്ങി ആദ്യ രണ്ട് ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നേടിയത് 113.12 കോടിയാണ്. അതേസമയം ജവാന്‍ നേടിയിരുന്നത് 111.73 കോടിയായിരുന്നു. അനിമല്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ ഒന്നാമത് തുടരുന്നത് ഷാരൂഖ് ഖാന്റെ പത്താന്‍ സിനിമയാണ്.

ബോക്സ് ഓഫീസില്‍ 100 കോടി നേടുന്ന ഏറ്റവും വേഗമേറിയ ആദ്യ അഞ്ച് ചിത്രങ്ങള്‍;

പത്താന്‍ (123 കോടി)
അനിമല്‍ (113.12 കോടി)
ജവാന്‍ (111.73 കോടി)
ടൈഗര്‍ 3 (101 കോടി)
കെ.ജി.എഫ് (100.74 കോടി)

Content Highlight: Ranbir Kapoor Animal Movie Broke The Record Of Shah Rukh Khan Movie Jawan