മാര്‍ച്ചില്‍ ഷൂട്ട് തീര്‍ക്കണമെന്ന് രണ്‍ബീര്‍, പറ്റില്ലെന്ന് സംവിധായകന്‍, ലവ് ആന്‍ഡ് വാറിലേക്ക് ഉറ്റുനോക്കി ആരാധകര്‍
Indian Cinema
മാര്‍ച്ചില്‍ ഷൂട്ട് തീര്‍ക്കണമെന്ന് രണ്‍ബീര്‍, പറ്റില്ലെന്ന് സംവിധായകന്‍, ലവ് ആന്‍ഡ് വാറിലേക്ക് ഉറ്റുനോക്കി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th November 2025, 10:42 pm

ഖാന്‍ ത്രയത്തിന് ശേഷം ബോളിവുഡ് ഇന്‍ഡസ്ട്രി ഭരിക്കാന്‍ സാധ്യതയുള്ള നടനാണ് രണ്‍ബീര്‍ കപൂര്‍. സമകാലീനരായ നടന്മാരെക്കാള്‍ ഫാന്‍ ഫോളോയിങ്ങും അതിനൊത്ത കാലിബറുമുള്ള രണ്‍ബീര്‍ ബോളിവുഡിലെ പുതിയ സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലവ് ആന്‍ഡ് വാറാണ് സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം 2026 ജൂണിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് രണ്‍ബീര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ദീപാവലിയില്‍ നിതേഷ് തിവാരിയുടെ രാമായണ റിലീസുള്ളതിനാല്‍ ഈ ഗ്യാപ്പ് ആവശ്യമാണെന്നും അതിനാലാണ് മാര്‍ച്ചില്‍ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ രണ്‍ബീറിന്റെ ഈ ആവശ്യം ബന്‍സാലി നിഷേധിച്ചെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. മേയിലോ ജൂണിലോ മാത്രമേ ഷൂട്ട് പൂര്‍ത്തിയാകുള്ളുവെന്നാണ് സംവിധായകന്‍ അറിയിച്ചത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ 30 ശതമാനം ഷൂട്ട് മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ. എത്ര ശ്രമിച്ചാലും മാര്‍ച്ചില്‍ ഷൂട്ട് അവസാനിപ്പിക്കാനാകില്ലെന്നാണ് സംവിധായകന്റെ വാദം.

രാമായണയുടെ റിലീസിന് നാല് മാസം മുമ്പെങ്കിലും ലവ് ആന്‍ഡ് വാര്‍ പുറത്തിറക്കണമെന്നാണ് രണ്‍ബീറിന്റെ ആവശ്യം. രണ്ട് സിനിമകളും വന്‍ ബജറ്റിലൊരുങ്ങുന്നതിനാല്‍ വലിയ പ്രൊമോഷന്‍ നല്‌കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. വര്‍ക്ക് ലോഡ് കുറക്കാനാണ് താരം ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നാണ് കരുതുന്നത്.

Sanjay Leela Bhansali/ Copied from IMDB

രണ്‍ബീറിനൊപ്പം ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രമാണ് ലവ് ആന്‍ഡ് വാര്‍. ഗംഗുഭായ്ക്ക് ശേഷം ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം മിലിട്ടറി പശ്ചാത്തലത്തില്‍ കഥപറയുന്ന പ്രണയചിത്രമാണെന്നാണ് സൂചന. ആര്‍മി യൂണിഫോമിലെ രണ്‍ബീറിന്റെ ലുക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

അതേസമയം ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് രാമായണ. 4000 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളിലായാണ് രാമായാണ ഒരുങ്ങുന്നത്. രാമനായി രണ്‍ബീര്‍ വേഷമിടുമ്പോള്‍ സീതയുടെ വേഷത്തില്‍ സായ് പല്ലവിയും രാവണനായി യഷും വേഷമിടുന്നു. ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനുമാണ് ചിത്രത്തിന് സംഗീതം നല്കുന്നത്.

Content Highlight: Ranbir Kapoor and Sanjay Leela Bhansali dispute over Love and War movie release