സ്പിരിറ്റ്, കല്‍ക്കി 2 എന്നീ സിനിമകളില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് താരം നടത്തിയ പ്രസ്താവന സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാനാകുള്ളൂ എന്ന ആവശ്യം അംഗീകരിക്കാനാകാത്തതുകൊണ്ടായിരുന്നു ദീപികയെ ഒഴിവാക്കിയത്. സിനിമയിലെ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്ന ആശയത്തോട് പ്രതികരിക്കുകയാണ് തെലുങ്ക് നടനും നിര്‍മാതാവുമായ റാണാ ദഗ്ഗുബട്ടി.
Rana Daggubatti: Screen grab/ Hollywood Reporter India
എന്തിരന്‍, ഗജിനി എന്നീ സിനിമകള്‍ തെലുങ്കില്‍ വന്‍ വിജയമായപ്പോള്‍ താനടക്കമുള്ള താരങ്ങള്‍ അത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് റാണ പറഞ്ഞു. അത്തരം വിജയങ്ങള്‍ തെലുങ്കിലും വേണമെന്ന് പല താരങ്ങളും ആഗ്രഹിച്ചതിന്റെ ഫലമാണ് ഇന്ന് ഇന്‍ഡസ്ട്രി നേടിയ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം.
‘മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ വലിയ സിനിമകള്‍ ചെയ്ത് വിജയമാക്കുന്നത് അതിന് വേണ്ട രീതിയിലുള്ള ബജറ്റില്‍ സിനിമ ചെയ്യാന്‍ സാധിക്കുന്നതുകൊണ്ടാണ്. ബജറ്റ് മാത്രമേ നമുക്ക് നിയന്ത്രിക്കാനാകുള്ളൂ. അതിന് പുറമെയുള്ള ചെലവുകള്‍ നിയന്ത്രിക്കേണ്ടത് ഓരോ താരങ്ങളുടെയും ഉത്തരവാദിത്തമാണ്. ഒരു പരിധിക്കപ്പുറത്തേക്കുള്ള ലക്ഷ്വറി ഓരോ താരത്തിനും അനുവദിക്കുന്നതിന് ലിമിറ്റുണ്ട്.
Rana Daggubatti Photo: Screen grab/ Galatta plus
ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട്. പക്ഷേ, ഒരു ലിമിറ്റിനപ്പുറത്തേക്കുള്ള ലക്ഷ്വറി സെറ്റിങ് അതാത് താരങ്ങളുടെ ഉത്തരവാദിത്തമാണ്. ഇപ്പോള്‍ തെലുങ്കിലെ പല വമ്പന്‍ താരങ്ങള്‍ക്കും സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുണ്ട്. അതുകൊണ്ടുതന്നെ ഒരു സിനിമയില്‍ എത്രത്തോളം ബജറ്റ് തങ്ങളെക്കൊണ്ട് കുറക്കാന്‍ സാധിക്കുമെന്ന ബോധ്യം അവര്‍ക്കുണ്ട്.
നിശ്ചിത സമയം മാത്രം ആവശ്യപ്പെടാന്‍ അവര്‍ക്ക് തോന്നാറില്ല. പറഞ്ഞ സമയത്തിനുള്ളിലോ അല്ലെങ്കില്‍ അതിന് മുന്നേയോ സിനിമ തീര്‍ക്കാനായാല്‍ നല്ലത് എന്ന് മാത്രമേ ഇത്തരം താരങ്ങള്‍ ചിന്തിക്കുകയുള്ളൂ. സിനിമ എന്നത് ഒരു ലൈഫ്‌സ്റ്റൈല്‍ പോലെയാണ്. ഒമ്പത് മണിക്ക് സെറ്റില്‍ വന്നിട്ട് അഞ്ച് മണിയാകുമ്പോള്‍ പോകാന്‍ ഇത് ഫാക്ടറിയൊന്നുമല്ലല്ലോ’ റാണാ ദഗ്ഗുബട്ടി പറയുന്നു.
Dulquer Salmaan Photo/ Screen Grab/ Hollywood Reporter India
റാണയെ പിന്തുണച്ച് മലയാളി താരം ദുല്‍ഖറും രംഗത്തെത്തി. മലയാളത്തില്‍ കൃത്യമായ വര്‍ക്കിങ് ഷിഫ്റ്റ് ഇല്ലെന്നും സിനിമ പെട്ടെന്ന് തീര്‍ക്കാനാണ് ശ്രമിക്കാറുള്ളതെന്നും താരം പറഞ്ഞു. അധികമായി വരുന്ന ഒരുദിവസം നിര്‍മാതാവിന് നഷ്ടം വരുത്തുമെന്ന് ബോധ്യമുണ്ടെന്നും അതിനാല്‍ പറഞ്ഞ സമയത്തില്‍ സിനിമ തീര്‍ക്കുകയാണ് ലക്ഷ്യമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Rana Daggubatti about the eight hours work shift in cinema