ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കാന്തായുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹൈദരബാദില്‍ നടന്ന ഗ്രാന്‍ഡ് ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. ട്രെയ്‌ലര്‍ പുറത്തിറക്കിയ ശേഷം റാണാ ദഗ്ഗുബട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
നവംബര്‍ 14ന് ശേഷം സിനിമാപ്രേമികളെല്ലാം ദുല്‍ഖറിന്റെ പ്രകടനം കണ്ട് അന്തം വിടുമെന്ന് റാണ പറഞ്ഞു. താന്‍ ഈ സിനിമ ചെയ്യുന്നതിന് മുമ്പ് ദുല്‍ഖറിന്റെ വെറും സുഹൃത്തായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അയാളുടെ കടുത്ത ആരാധകനാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കാന്തായില്‍ ഏറ്റവുമധികെ കൈയടി നേടുന്നത് ദുല്‍ഖറായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
‘നടിപ്പ് ചക്രവര്‍ത്തി എന്ന് ദുല്‍ഖറിന്റെ കഥാപാത്രത്തെ വിളിക്കുന്നത് വെറുതെയല്ല. പടത്തില്‍ അത് കൃത്യമായി മനസിലാകും. എന്റെ അച്ഛന്‍ ദുല്‍ഖറിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ‘നീ ചുമ്മാ അവനെ നോക്കിക്കൊണ്ട് നിന്നാല്‍ മതി. ബാക്കി അവന്‍ നോക്കിക്കോളും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പടത്തിന് മുമ്പ് ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ അവന്റെ കട്ട ഫാനാണ്. സൗത്ത് ഇന്ത്യയില്‍ ഏത് സംവിധായകന്‍ പീരിയോഡിക് സ്‌ക്രിപ്റ്റ് എഴുതിയാലും നേരെ ദുല്‍ഖറിന്റെ അടുത്തേക്ക് പോകുന്ന അവസ്ഥയാണ്. കാരണം, അത്തരം കഥകള്‍ വിശ്വസിച്ച് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു നടന്‍ ദുല്‍ഖറാണെന്ന് എനിക്ക് തോന്നാറുണ്ട്. കാന്തായും അത് ആവര്‍ത്തിക്കുമെന്നാണ് വിശ്വാസം’ റാണാ ദഗ്ഗുബട്ടി പറയുന്നു.
നവാഗതനായ സെല്‍വരാജ് സെല്‍വമണി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്താ. 1950കളുടെ പശ്ചാത്തലത്തില്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നടന്ന കഥയാണ് ചിത്രത്തിന്റേത്. സൂപ്പര്‍സ്റ്റാര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ കാന്തായില്‍ വേഷമിടുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ ഭാഗ്യശ്രീ ബോസാണ് ചിത്രത്തിലെ നായിക.
റാണാ ദഗ്ഗുബട്ടി, സമുദ്രക്കനി എന്നിവരും കാന്തായില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും റാണാ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ് കാന്താ നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങിയ ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. ദുല്‍ഖറിന്റെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്ന് കൂടിയാണ് കാന്താ.
Content Highlight: Rana Daggubatti about Dulquer’s performance in Kaantha