സന്ദീപ് ഉണ്ണികൃഷ്ണനുള്ള മനോഹരമായ ആദരം, തിയേറ്ററില്‍ പോയി കാണുക; മേജറിനെ അഭിനന്ദിച്ച് അനുഷ്‌കയും റാണാ ദഗ്ഗുബതിയും
Film News
സന്ദീപ് ഉണ്ണികൃഷ്ണനുള്ള മനോഹരമായ ആദരം, തിയേറ്ററില്‍ പോയി കാണുക; മേജറിനെ അഭിനന്ദിച്ച് അനുഷ്‌കയും റാണാ ദഗ്ഗുബതിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th June 2022, 11:31 pm

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണ്‍റെ ജീവിതം സിനിമയാക്കിയ മേജറിന് രാജ്യമെമ്പാടും പ്രശംസ ഉയരുകയാണ്. ചിത്രത്തെ പ്രശംസിച്ച് പ്രമുഖര്‍ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തെ അഭിനന്ദിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ താരങ്ങളായ റാണാ ദഗ്ഗുബതിയും അനുഷ്‌ക ഷെട്ടിയുമാണ്.

‘മേജര്‍ വളരെ മികച്ച രീതിയില്‍ ചെയ്തിരിക്കുന്നു. കാസ്റ്റ് ആന്റ് ക്രൂ ഏറ്റവും മികച്ചതായി. അദിവി ശേഷും ശശി ടിക്കയും മികച്ച ഒരു കഥയാണ് പറഞ്ഞത്. ശരത്തിനും അനുരാഗ് റെഡ്ഡിക്കും അഭിനന്ദനങ്ങള്‍. മഹേഷ് ബാബു നിങ്ങള്‍ മികച്ച കഴിവിനെയാണ് പിന്തുണച്ചത്,’ എന്നായിരുന്നു റാണാ ദഗ്ഗുബതി ട്വിറ്ററില്‍ കുറിച്ചത്.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനുള്ള മനോഹരമായ ആദരവ് എന്നാണ് അനുഷ്‌ക ചിത്രത്തെ വിശേഷിപ്പിച്ചത്. ‘മേജര്‍ കണ്ടു, ഇങ്ങനെ മനോഹരമായ ഒരു ചിത്രം ഞങ്ങളിലേക്കെത്തിച്ചതില്‍ മേജറിന്റെ ടീമിന് നന്ദി. അദിവി ശേഷ്, ശശി കിരണ്‍ ടിക്ക, വംശി, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ, സായ് മഞ്ജരേക്കര്‍, ശോഭിത ധൂലിപാല മറ്റ് ക്രൂവിനെല്ലാം അഭിനന്ദനങ്ങള്‍. എല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണണം,’ എന്നാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നേരത്തെ ചിത്രത്തെ അഭിനന്ദിച്ച് സല്‍മാന്‍ ഖാന്‍, നാനി, അല്ലു അര്‍ജുന്‍ എന്നിവരും രംഗത്തെത്തിയിരുന്നു. മേജര്‍ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ തൊടുന്ന സിനിമയാണെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. അദിവി ശേഷിന്റെ പ്രകടനത്തേയും അല്ലു അര്‍ജുന്‍ അഭിനന്ദിച്ചു.

ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ വലിയ വരവേല്‍പ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും എ.എസ് മൂവീസും ചേര്‍ന്നാണ് നിര്‍മാണം.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി. കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.

Content Highlight: Rana Daggubati and Anush Shetty appreciates major movie