എന്നോട് വരേണ്ടെന്ന് പറഞ്ഞു; ഡി4 ഡാന്‍സ് ഞാന്‍ കാണിച്ച സാഹസം: റംസാന്‍
Malayalam Cinema
എന്നോട് വരേണ്ടെന്ന് പറഞ്ഞു; ഡി4 ഡാന്‍സ് ഞാന്‍ കാണിച്ച സാഹസം: റംസാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th July 2025, 12:45 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഡാന്‍സറും നടനുമാണ് റംസാന്‍ മുഹമ്മദ്. 2014ല്‍ മലയാളം ടെലിവിഷന്‍ റിയാലിറ്റി ഷോയായ ഡി4 ഡാന്‍സ് സീസണ്‍ വണ്ണിന്റെ വിജയി കൂടിയായിരുന്നു റംസാന്‍.

2017ല്‍ നിസാര്‍ സംവിധാനം ചെയ്ത ഡാന്‍സ് ഡാന്‍സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായകനായി എത്തി. പിന്നീട് ചില ചിത്രങ്ങളില്‍ അഭിനയിച്ച റംസാന്‍ ഇന്ന് സിനിമയില്‍ നല്ലൊരു കൊറിയോഗ്രാഫര്‍ കൂടിയാണ്.

ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയൊരു സാഹസമായി തോന്നിയിട്ടുള്ള കാര്യം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് റംസാന്‍. ഡി4 ഡാന്‍സില്‍ പങ്കെടുത്തതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഡാന്‍സില്‍ താന്‍ ചെയ്ത സാഹസം, രണ്ട് റിയാലിറ്റി ഷോകള്‍ ചെയ്ത് തോറ്റ് തുന്നം പാടി നില്‍ക്കുന്ന സമയത്ത് ഡി4 ഡാന്‍സില്‍ പങ്കെടുത്തതാണ് എന്നാണ് റംസാന്‍ പറയുന്നത്. താന്‍ ആദ്യം ആ റിയാലിറ്റി ഷോയില്‍ പോകേണ്ടെന്നായിരുന്നു തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ആ റിയാലിറ്റി ഷോ ചെയ്യുന്നില്ല എന്നായിരുന്നു എന്റെ അങ്കിളിനോട് പറഞ്ഞിരുന്നത്. കാരണം രണ്ട് റിയാലിറ്റി ഷോകളില്‍ നിന്ന് ആദ്യമേ തന്നെ തോറ്റു. ഇനി വേറെ ആളുകള്‍ വന്ന് തോല്‍ക്കട്ടെ (ചിരി). അതിന്റെ കൂടെ ഞാനില്ല എന്നായിരുന്നു ഞാന്‍ പറഞ്ഞത്.

പിന്നീട് ഞാന്‍ ഡി4 ഡാന്‍സിന്റെ ഡയറക്ടറും പ്രൊഡ്യൂസറുമായ ചേച്ചിയെ വിളിച്ചു. ‘ഞാന്‍ ഒഡീഷന് വന്നോട്ടെ’യെന്ന് ചോദിച്ചു. വെറുതെയൊന്ന് അറ്റന്‍ഡ് ചെയ്യാമെന്നും ഡാന്‍സ് ഇഷ്ടമായെങ്കില്‍ മാത്രം എന്നെ സെലക്ട് ചെയ്താല്‍ മതിയെന്നും ഞാന്‍ പറഞ്ഞു.

അന്ന് ചേച്ചി പറഞ്ഞത് ‘നീ വരേണ്ട’ എന്നായിരുന്നു. അവര്‍ പുതിയ മുഖങ്ങളായിരുന്നു നോക്കുന്നത്. അപ്പോള്‍ ‘നീ വന്നാല്‍ എന്തായാലും സെലക്ട് ചെയ്യില്ല’ എന്ന് പറഞ്ഞു. അവിടുന്ന് ചേച്ചി അറിയാതെ ഞാന്‍ ഒഡീഷന് പോകുകയും അവിടുന്ന് കപ്പും കൊണ്ട് വരികയും ചെയ്തത് എന്റെ സാഹസമാണ്. അതാണ് എന്റെ ഡാന്‍സിലെ സാഹസം,’ റംസാന്‍ മുഹമ്മദ് പറയുന്നു.


Content Highlight: Ramzan Muhammed Talks About D4 Dance