റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് റംസാന്‍. ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ റംസാന് സാധിച്ചു. ഭീഷ്മപര്‍വം, റൈഫിള്‍ ക്ലബ്ബ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനമാണ് റംസാന്‍ കാഴ്ചവെച്ചത്. താരം നായകനാകുന്ന സാഹസം എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്.
കരിയറില്‍ ചെയ്ത സാഹസങ്ങള്‍ ഏതെല്ലാമാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് റംസാന്‍ മുഹമ്മദ്. രണ്ട് റിയാലിറ്റി ഷോയില്‍ തോറ്റുനില്‍ക്കുന്ന സമയത്താണ് താന്‍ ഡി ഫോര്‍ ഡാന്‍സില്‍ പോയതെന്നും അതില്‍ ടൈറ്റില്‍ വിന്നറാകാന്‍ സാധിച്ചെന്നും റംസാന്‍ പറഞ്ഞു. അത് താന്‍ ചെയ്ത ഏറ്റവും വലിയ സാഹസമായിരുന്നെന്നും ഒരിക്കലും മറക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഭ്രമയുഗം എന്ന സിനിമയില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റംസാന്‍ പറയുന്നു. ചിത്രത്തില്‍ യക്ഷിയുടെയും ചാത്തന്റെയും എന്‍ട്രി സീന്‍ ഡിസൈന്‍ ചെയ്തത് താനായിരുന്നെന്നും അതിനെ ഒരു സാഹസമായി കാണാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. സാഹസം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു റംസാന്‍.
‘എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ സാഹസം ഡി ഫോര്‍ ഡാന്‍സില്‍ പങ്കെടുത്തതായിരുന്നു. രണ്ട് റിയാലിറ്റി ഷോയല്‍ തോറ്റ് തുന്നംപാടിയിരിക്കുന്ന സമയത്തായിരുന്നു ഡി ഫോര്‍ ഡാന്‍സിന്റെ ഓഡിഷന്‍. ഒരു ബന്ധുവിന്റെ നിര്‍ബന്ധത്തില്‍ ചുമ്മാ പോയി നോക്കി. ഒടുക്കം അതില്‍ ടൈറ്റില്‍ വിന്നറായി മാറി. ജീവിതത്തില്‍ കാണിച്ച ഏറ്റവും വലിയ റിസ്‌കായിരുന്നു അത്.
പിന്നെ ഞാന്‍ ഭ്രമയുഗത്തില്‍ ചെറിയൊരു പരിപാടി ചെയ്തിരുന്നു. അതിനെ സാഹസം എന്നൊന്നും വിളിക്കാനാകില്ല. ആ സിനിമയില്‍ യക്ഷി നടന്നുവരുന്ന സീനും ചാത്തനെ കാണിക്കുന്ന സീനും ഡിസൈന്‍ ചെയ്തത് ഞാനായിരുന്നു. അതിനെ കൊറിയോഗ്രാഫിയുടെ ഗണത്തില്‍ പെടുത്താനാകുമോ എന്ന് പറയാന്‍ സാധിക്കില്ല.
രാഹുലേട്ടന്‍ നല്ല സപ്പോര്‍ട്ടായിരുന്നു. എന്നെ സംബന്ധിച്ച് അത് വലിയൊരു അവസരമായിരുന്നു. ഇതുവരെ ചെയ്ത് ശീലിച്ചിട്ടില്ലാത്ത ഒരു കാര്യം ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. സിനിമയില്‍ അതിന്റെ ഫൈനല്‍ ഔട്ട്പുട്ട് കണ്ടപ്പോള്‍ തൃപ്തി തോന്നി. പുതിയ കാര്യങ്ങളൊക്കെ പഠിക്കണമെന്ന ചിന്തയില്‍ ചെയ്യുന്നതാണ് ഇതൊക്കെ,’ റംസാന്‍ പറഞ്ഞു.
Content Highlight: Ramzan Muhammed shares the experience of working in Bramayugam movie