പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് രമ്യ നമ്പീശന്‍. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് വരുമ്പോഴാണ് അതിജീവിക്കാന്‍ പഠിക്കുന്നതെന്ന് രമ്യ നമ്പീശന്‍ പറയുന്നു. ജീവിതത്തിലെ ചില സാഹചര്യങ്ങള്‍ വന്നപ്പോള്‍ തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് തരാനോ സഹായിക്കാനോ വേറെ ആരും ഇവിടെയില്ല എന്ന് തിരിച്ചറിഞ്ഞുവെന്നും രമ്യ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘വലിയ രീതിയില്‍ തകര്‍ന്നുപോയ സാഹചര്യങ്ങളൊക്കെ നേരിട്ടിട്ടുണ്ട്. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് നിന്നിട്ടുണ്ട്. എല്ലാവര്‍ക്കും ഒരു കംഫര്‍ട്ട് സോണ്‍ ഉണ്ടാകും, അതിനുള്ളില്‍ ഇരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ അതില്‍ നിന്ന് പുറത്തുവരുമ്പോഴാണ് നമ്മള്‍ ശരിക്കും അതിജീവിക്കാന്‍ പഠിക്കുന്നത്.
അത്തരം സാഹചര്യം വന്നപ്പോള്‍ എനിക്ക് വേണ്ടി ഞാന്‍ തന്നെ എന്തെങ്കിലും ചെയ്താല്‍ മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ എന്ന് മനസിലാക്കി. എന്തെങ്കിലും ചെയ്ത് തരാനോ സഹായിക്കാനോ വേറെ ആരും ഇവിടെയില്ല എന്നും തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും അതിജീവിച്ചേ പറ്റൂ. അങ്ങനെ സ്റ്റേജ് ഷോകള്‍ സജീവമായി ചെയ്തു.
നല്ല രീതിയിലുള്ള പ്രതികരണം വന്നതോടെ പലയിടത്തും വേദികള്‍ ലഭിച്ചു. ഇപ്പോള്‍ തമിഴ് സിനിമകളിലും വെബ്സീരിസുകളിലും അവസരങ്ങളുണ്ട്. സമുദ്രക്കനി സാറിന്റെ ബെയ്ല എന്ന സിനിമയാണ് ചെയ്യുന്നത്. ഹോട്ട് സ്റ്റാറിന് വേണ്ടി ഒരു തമിഴ് വെബ് സീരിസ് ചെയ്യുന്നുണ്ട്.
എന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കണം എന്ന ചിന്തയിലാണ് ലൈവ് ബാന്‍ഡ് തുടങ്ങിയത്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരുടെയും ജീവിതതാളം തെറ്റും, അപ്പോള്‍ നമ്മളെ കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് നാം സ്വയം തിരയും. ആ അന്വേഷണത്തില്‍ നിന്ന് മുന്നോട്ട് പോകാന്‍ ഒരുപാത തുറന്നു വരും. ഞാനും പ്രതിസന്ധി വന്നപ്പോള്‍ പുതിയ ഇടം കണ്ടെത്തി,’ രമ്യ നമ്പീശന്‍ പറയുന്നു.