എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തിന്റെ പോക്ക് അച്ഛാദിന്നില്ലേക്കല്ല, ദുഷിച്ച ദിനങ്ങളിലേക്ക് : ബന്‍സാലിക്കെതിരായ ആക്രമണത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാംഗോപാല്‍ വര്‍മ
എഡിറ്റര്‍
Saturday 28th January 2017 1:00pm

modiramgopal

ന്യൂദല്‍ഹി: പത്മാവതി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കെതിരായ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ.

മോദീ, താങ്കളുടെ അച്ഛാ ദിന്‍ എന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ ബന്‍സാലിയുടെ സംഭവം വ്യക്തമാക്കുന്നത് ഇന്ത്യയുടെ പോക്ക് അച്ഛാ ദിന്നിലേക്ക് അല്ല മറിച്ച്  ബുരേ ദിന്നിലേക്കാണെന്നാണ്. ഒരു രാജ്യത്തെ കലാകാരന്‍മാരെ പരിരക്ഷിക്കാന്‍ ആ രാജ്യത്തിന് കഴിയില്ലെങ്കില്‍ അതിനെ രാജ്യം എന്ന് വിളിക്കാന്‍ കഴിയില്ലെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.

ബന്‍സാലിക്കെതിരായ ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും രാജ്യത്തെ കലാകാരന്‍മാരും സിനിമാസംവിധായകരും ഒരു ചില്ലുകൂടിനകത്ത് ഇരിക്കേണ്ട അവസ്ഥ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് പ്രസിഡന്റ് മുകേഷ് ഭട്ട് പ്രതികരിച്ചു. തങ്ങളുടെ സംരക്ഷണത്തിനായി ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


പത്മാവതി’യുടെ ചിത്രീകരണത്തിനിടെയായിരുന്നു സഞ്ജയ് ലീല ബന്‍സാലിക്ക് നേരെ ആക്രമണമുണ്ടായത്.  ബന്‍സാലിയെ അടിക്കുകയും മുടി പിടിച്ചു പറയ്ക്കുകയും ചെയ്ത സംഘം സിനിമയുടെ സെറ്റ് തകര്‍ക്കുകയും ചെയ്തു. രജ്പുത് കര്‍ണിസേന എന്ന സംഘടനയില്‍പ്പെട്ടവരാണ് അക്രമണം നടത്തിയത്.

ചിത്രത്തില്‍ രജ്പുത് രാജ്ഞിയെ മോശമാക്കി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് ബന്‍സാലിക്ക് നേരെ ആക്രമണമുണ്ടായത്. ഷൂട്ടിങ് നടക്കുന്ന ജെയ്പൂരിലെ ജെയ്ഗര്‍ കോട്ടയിലാണ് ആക്രമണമുണ്ടായത്.

അലാവുദ്ദീന്‍ ഖില്‍ജിയുടെയും പത്മിനിയുടെയും കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങും ദീപിക പദുക്കോണുമാണ് അഭിനയിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ചാണ് സിനിമ നിര്‍മിക്കുന്നതെന്നാണ് ആരോപണം.

സിനിമയില്‍ ഖില്‍ജിയും പത്മിനിയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് രജ്പുത് കര്‍ണിസേനയെ പ്രകോപിപ്പിച്ചത്. ചിറ്റോര്‍ഘട് കോട്ട ആക്രമിച്ച അലാവുദിന്‍ ഖില്‍ജിയ്ക്ക് കീഴില്‍ മുട്ടുമടക്കാതെ സ്വന്തം ജീവത്യാഗം നടത്തിയ ആളാണ് രാജ്ഞിയെന്നാണ് കര്‍ണി സേന പറയുന്നത്.

Advertisement