മലയാള താരം സലീം കുമാറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ സ്റ്റാലിയന്‍ എന്ന മിമിക്രി ട്രൂപ്പിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചയാളാണ് രമേശ് പിഷാരടി. പിന്നീട് മലയാളം ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിലെ സിനിമാല, കോമഡി കസിന്‍സ്, ഫൈവ് സ്റ്റാര്‍ തട്ടുകട തുടങ്ങിയ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം 2008 ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച താരം ജയറാമിനെയും കുഞ്ചാക്കോ ബോബനെയും പ്രധാന കഥാപാത്രങ്ങളാക്കി 2018 ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ക്യൂ സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ സ്ഥിരം സാന്നിധ്യമായ മോട്ടിവേഷണല്‍ വ്‌ളോഗര്‍മാരെക്കുറിച്ച് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കംഫോര്‍ട്ട് സോണ്‍ പൊട്ടിച്ചെറിഞ്ഞ് പുറത്ത് വന്ന് നിങ്ങളുടെ സന്തോഷം കണ്ടെത്തുക എന്ന മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ വാക്കുകള്‍ കേള്‍ക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘മോട്ടിവേഷന്‍ മുട്ടി എന്നാണ് ഇനി ആളുകള്‍ മരിക്കുക എന്ന് അറിഞ്ഞാല്‍ മതി അത്രത്തോളം മോട്ടിവേഷന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഉണ്ട്. ഞാന്‍ ഒരിക്കല്‍ നോക്കുമ്പോള്‍ ഒരു പത്ത് വയസ്സുള്ള ചെക്കന്‍ നിന്ന് മോട്ടിവേറ്റ് ചെയ്യുന്നു. അവന്‍ എന്ത് കണ്ടിട്ടാണ് എന്ത് ജീവിത അനുഭവത്തില്‍ നിന്നുമാണ് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതെന്ന ഒരു പിടുത്തവുമില്ല. നമ്മള്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്ന രീതിയിലേ ആവില്ല അവന്‍ ജീവിക്കാന്‍ പോകുന്നത്. അത്തരക്കാര്‍ പറയുന്ന കാര്യങ്ങളൊന്നും നമ്മള്‍ കേള്‍ക്കേണ്ടതില്ല.
പിന്നെ ഈ മോട്ടിവേഷന്‍ തരുന്ന ആളുകള്‍ പറയുന്ന കാര്യങ്ങളാണ് നിങ്ങളുടെ പാഷന് പിറകെ പോകുക എന്നത്. പക്ഷേ നിങ്ങള്‍ക്ക് പാഷനുള്ള സ്ഥലവും പ്രതിഭയുള്ള സ്ഥലവും ഒന്നല്ലെങ്കില്‍ നിങ്ങള്‍ പെട്ട് പോകും. ഒരു ഫോര്‍മുല വണ്‍ റേസിങ് നടക്കുന്ന ട്രാക്കില്‍ ഓട്ടോറിക്ഷ കൊണ്ട് പോകുന്ന അവസ്ഥയായിരിക്കും നമ്മള്‍ക്ക്. ഈ ഓട്ടോറിക്ഷയും കൊണ്ട് നടന്ന് സ്‌ട്രെസ്സ് അടിക്കുക എന്നല്ലാതെ മറ്റൊരു കാര്യവുമില്ല. ഇത്തരത്തിലുള്ള മോട്ടിവേഷന്‍ കൊണ്ട് നിങ്ങള്‍ തെറ്റായ ദിശയിലേക്ക് പോകും. കംഫര്‍ട്ട് സോണ്‍ പൊട്ടിക്കുക എന്നതിലല്ല ഇത് പൊട്ടിച്ചിട്ട് നിങ്ങള്‍ എവിടെ പോകും എന്നതിലാണ് കാര്യം,’ പിഷാരടി പറഞ്ഞു.
ലോകത്തെപ്പറ്റിയോ ജീവിതത്തെപറ്റിയോ ഒരു കിണയും അറിയാത്തവന്മാരാണ് മോട്ടിവേറ്റ് ചെയ്യുന്നതെന്നും ഒരു ലോണ്‍ എടുത്തുകൊടുത്താല്‍ അവരുടെ മോട്ടിവേഷനും വേറെ ഒന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ഛന്‍ ലോണ്‍ അടക്കുന്നത് കൊണ്ടാണ് മോട്ടിവേഷനെന്നും ഒമ്പതര ശതമാനം പലിശക്ക് ഒരു ലോണ്‍ എടുത്തുകൊടുത്താല്‍ ഇത്തരക്കാര്‍ മോട്ടിവേഷന്‍ നിര്‍ത്തി പണിക്ക് പോകുന്നത് താന്‍ കാണിച്ച് തരാമെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.
Content Highlight: Ramesh Pisharody talks about social media influencers
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.