മലയാളത്തിന്റെ മഹാനടൻ വീണ്ടും സിനിമയുടെ ചിത്രീകരണത്തിൽ ജോയിൻ ചെയ്യാൻ പോകുന്നുവെന്ന വാർത്ത അൽപം മുമ്പാണ് പുറത്ത് വന്നത്. നിർമാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയും കൂടിയായ ആന്റോ ജോസഫാണ് ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. ഇപ്പോൾ പിഷാരടിയും ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്.
മമ്മൂട്ടി ഹെദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യുമെന്നും പിന്നീട് യു.കെയിൽ നടക്കുന്ന തുടർന്നുള്ള ഷെഡ്യൂളും കഴിഞ്ഞ ശേഷമായിരിക്കും തിരിച്ച് വരവെന്നും പിഷാരടി പറയുന്നു.
‘മമ്മൂക്കയുടെ വരവ് ഒക്ടോബർ ഒന്നാം തീയതിയാണ്. അദ്ദേഹം ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. സത്യത്തിൽ അതൊരു നീണ്ട ഇടവേളയായിരുന്നു. കുറച്ചധികം നാളുകൾക്ക് ശേഷമാണ് അദ്ദേഹം ലൊക്കേഷനുകളിലേക്ക് എത്തുന്നത്. പക്ഷെ, അതിന് മുമ്പ് അദ്ദേഹം വരുന്നു…വന്നുകൊണ്ടിരിക്കുകയാണ്… ചിത്രങ്ങളാണ് എന്നൊക്കെ പറഞ്ഞ് പലതും സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. അതൊക്കെ പലരും ഉണ്ടാക്കി വിടുന്ന ചിത്രങ്ങളായിരുന്നു.
എന്റെ അറിവ് ശരിയാണെങ്കിൽ അവിടെ നിന്നും യു.കെയിലാണ് തുടർന്നുള്ള ഷെഡ്യൂൾ. അതുകൂടി കഴിഞ്ഞിട്ടായിരിക്കും ഇങ്ങോട്ട് വരുന്നത്. വലിയ സന്തോഷമുള്ള കാര്യമാണ് അദ്ദേഹം തിരിച്ചുവരുന്നത്,’ പിഷാരടി പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആറുമാസത്തോളമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു മമ്മൂട്ടി.
11 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, ദർശന രാജേന്ദ്രൻ, രേവതി, രഞ്ജി പണിക്കർ, രാജീവ് മേനോൻ,ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സെറീൻ ഷിഹാബ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഹൈദരാബാദ് കൂടാതെ ശ്രീലങ്ക, ദൽഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ട്. ഇനിയും 40 ശതമാനത്തോളം ഷൂട്ട് ബാക്കിയുണ്ട്.
നവാഗതനായ ജിതിൻ. കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രമാണ് മമ്മൂട്ടിയുടെ തിയേറ്ററിൽ എത്താൻ പോകുന്ന അടുത്ത ചിത്രം.
Content Highlight: Ramesh Pisharody saying Mammoootty will go UK after Hyderabad