രമേഷ് പിഷാരടി എന്നോട് മാപ്പെഴുതികൊടുക്കണമെന്ന് പറഞ്ഞു; പരാതിക്കാരി മാപ്പെഴുതാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ: അന്‍സിബ
Kerala
രമേഷ് പിഷാരടി എന്നോട് മാപ്പെഴുതികൊടുക്കണമെന്ന് പറഞ്ഞു; പരാതിക്കാരി മാപ്പെഴുതാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ: അന്‍സിബ
ആര്യ. പി
Saturday, 4th July 2026, 11:42 am

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തര്‍ക്കങ്ങളും വിവാദങ്ങളും പുതിയ തലത്തിലേക്ക്. തന്നോട് മാപ്പെഴുതിക്കൊടുക്കാന്‍ നടനും എം.എല്‍.എയുമായ രമേഷ് പിഷാരടി ആവശ്യപ്പെട്ടതായി നടി അന്‍സിബ ഹസന്‍ വെളിപ്പെടുത്തി.

കേസുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും പരാതിക്കാരിയായ താന്‍ എന്തിനാണ് മാപ്പെഴുതി നല്‍കേണ്ടതെന്നും അന്‍സിബ ചോദ്യമുയര്‍ത്തി.

കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍സിബയും മാലാ പാര്‍വതിയും ഉള്‍പ്പെടെയുള്ളവര്‍ സംഘടനയ്ക്കുള്ളില്‍ നടക്കുന്ന ഗുരുതരമായ പ്രശനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

രമേഷ് പിഷാരടിയോട് ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും എം.എല്‍.എ എന്ന നിലയിലുമുള്ള ബഹുമാനം മുന്‍നിര്‍ത്തിയാണ് താന്‍ സംസാരിച്ചതെന്ന് അന്‍സിബ പറഞ്ഞു.

‘അദ്ദേഹം എന്നെ ഒരുപാട് തവണ വിളിച്ച് സംസാരിച്ചു. ഇത്രയും തവണ വിളിച്ചതല്ലേ, ആ ഒരു ബഹുമാനം കൊടുക്കണമല്ലോ എന്ന് കരുതിയാണ് സംസാരിക്കാന്‍ തയ്യാറായത്. എന്നാല്‍ സംസാരിച്ച ശേഷം രമേഷേട്ടന്‍ എന്നോട് പറയുന്നത് അന്‍സിബ മാപ്പെഴുതി കൊടുക്കണം എന്നാണ്. ഇനി പരാതി പറയില്ല എന്ന് പരാതിക്കാരി തന്നെ മാപ്പെഴുതി കൊടുക്കണമത്രേ! അത് എവിടുത്തെ ന്യായമാണ്? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, ശരി ഏട്ടാ ഇനി ഇതിനെക്കുറിച്ച് സംസാരിക്കേണ്ട എന്ന്.’ അന്‍സിബ പറഞ്ഞു.

സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെ വീണതെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പുറത്തുവന്ന ശ്വേതയുടെയും രമേഷ് പിഷാരടിയുടെയും ഓഡിയോയെ കുറിച്ച് തനിക്ക് അറിയില്ലെന്നും വളരെ വ്യക്തിപരമായി സംസാരിക്കുന്ന ഒരു ഓഡിയോ ലീക്ക് ചെയ്യുന്നത് ഐ.ടി ആക്ട് പ്രകാരം തെറ്റാണെന്നും അന്‍സിബ ചൂണ്ടിക്കാട്ടി.

നടി അന്‍സിബ ഹസനെ വര്‍ഗീയവാദിയും ജിഹാദിയുമാക്കി ഒതുക്കിത്തീര്‍ക്കാനാണ് ‘അമ്മ’യില്‍ ശ്രമം നടന്നതെന്ന് നടി മാലാ പാര്‍വതി ആരോപിച്ചു. അന്‍സിബ നാലുപേരെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ശ്വേത തന്നോട് പറഞ്ഞതായും മാലാ പാര്‍വതി വെളിപ്പെടുത്തി.

‘നിങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ ഞാന്‍ ഇത് പുറത്തുപറയും, ഇതൊരു സാമൂഹിക വിഷയമാണെന്ന് ഞാന്‍ ശ്വേതയോട് പറഞ്ഞു. എന്നാല്‍ ‘നിങ്ങള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവില്ല, ഇന്‍ഡസ്ട്രിക്ക് പുറത്താവും’ എന്നായിരുന്നു ശ്വേതയുടെ മറുപടി. നിങ്ങളോടുള്ള സ്‌നേഹം കൊണ്ട് പറയുകയാണ്, മാറി നില്‍ക്കണം, അന്‍സിബയുടെ പ്രശ്‌നത്തില്‍ ഇടപെടരുത് എന്നും അവര്‍ ആവശ്യപ്പെട്ടു.’

വളരെയധികം ആലോചിച്ച ശേഷമാണ് താന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചതെന്നും ശ്വേതയുമായി തര്‍ക്കമുണ്ടായ ശേഷമാണ് താന്‍ അവര്‍ക്ക് ‘ഗൂഢാലോചനക്കാരി’യായതെന്നും മാലാ പാര്‍വതി പറഞ്ഞു.

ഇവിടെ ഗൂഢാലോചനയല്ല, കൃത്യമായ ആലോചനയാണ് നടന്നത്. ധ്രുവീകരണവും വര്‍ഗീയവാദവും നടത്തുന്ന, മനുഷ്യരെയും ജാതിമതങ്ങളെയും ഒന്നായി കാണാന്‍ പറ്റാത്ത, കലാകാരന്മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇങ്ങനെയൊരു സംഘമല്ല ‘അമ്മ’യെ ഭരിക്കേണ്ടതെന്നും മാലാ പാര്‍വതി വ്യക്തമാക്കി.

Content Highlight: Ramesh Pisharody asked me to write an apology sas Ansiba

 

ആര്യ. പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.