രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം; പരസ്യമായി പിന്തുണച്ച് കെ. സുധാകരൻ
Kerala
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം; പരസ്യമായി പിന്തുണച്ച് കെ. സുധാകരൻ
മുഹമ്മദ് നബീല്‍
Tuesday, 24th March 2026, 2:00 pm

കണ്ണൂർ: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ.

ചെന്നിത്തല മുതിർന്ന നേതാവാണെന്നും കാര്യങ്ങൾ പക്വതയോടെ ചെയ്യാൻ കഴിവുള്ളയാളാണെന്നും സുധാകരൻ പറഞ്ഞു.

കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നിവരിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ പിന്തുണക്കുമെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് സുധാകരൻ ചെന്നിത്തലയുടെ പേരുപറഞ്ഞത്.

കോൺഗ്രസിന്റെ ചരിത്രത്തിന്റെ തുടർച്ചയാണ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് ഹൈക്കമാന്റിനെ സമീപിച്ച സമയത്ത് അദ്ദേഹത്തിനുവേണ്ടി സമവായ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് രമേശ് ചെന്നിത്തലയായിരുന്നു.

സാധാരണ കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്റാണ്‌. ഈ കീഴ്വഴക്കത്തെ മറികടന്നാണ് സുധാകരന്റെ ഈ പ്രതികരണം.

റിപ്പോർട്ടർ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ ഒരു പരാമർശം നടത്തിയത്.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും, കേരളത്തിലെ സഹപ്രവർത്തകരുടെ പെരുമാറ്റം മടുത്തതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമെടുക്കില്ലെന്നും കോൺഗ്രസ് എം.പി അഭിമുഖത്തിൽ പറഞ്ഞു.

പാർട്ടിക്കകത്ത് പ്രശ്നങ്ങളൊന്നുമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറുസീറ്റിനടുത്ത് യു.ഡി.എഫിന് ലഭിക്കുമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

താൻ ബി.ജെ.പിയിലേക്ക് പോകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായ ടി.ഒ മോഹനനുമായി തനിക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹത്തിനായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്നും കെ. സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ വലിയ പിടിവലി നടക്കുമ്പോഴാണ് സുധാകരന്റെ ഈ പ്രതികരണം. തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപുതന്നെ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത് കോൺഗ്രസിൽ ചെറുതല്ലാത്ത അസ്വാരസ്യങ്ങൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

Content Highlight: Ramesh Chennithala should become the Chief Minister; K. Sudhakaran publicly supports him

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം