ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?;അര്‍ജുന്‍ ആയങ്കിയെ വെടിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല
Kerala
ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?;അര്‍ജുന്‍ ആയങ്കിയെ വെടിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th August 2026, 1:07 pm

 

തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെച്ചു വീഴ്ത്താന്‍ ആഭ്യന്തര വകുപ്പ് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല.

ചുമ്മാ ആരെയെങ്കിലും പൊലീസിന് വെടിവെക്കാനാകുമോ എന്നും, അത്തരമൊരു ഉത്തരവിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വിഷയത്തെ ഗൗരവത്തോടെ കാണുന്നില്ലെന്നും അര്‍ജുന്‍ ആയങ്കി ഒരു വലിയ കാര്യമല്ലെന്നും, പൊലീസ് അത് നോക്കിക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റൗഡികള്‍ പലതും പറയും, ഇതിനെ ഗൗനിക്കുന്നില്ല, ചുമ്മ ആരെയെങ്കിലും വെടിവയ്ക്കോ?’, ചെന്നിത്തല ചോദിച്ചു.

അതോടൊപ്പം, സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ചും തനിക്ക് അറിവില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അതേസമയം, ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ആലുവ റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ രൂപീകരിച്ച 10 അംഗ പ്രത്യേക സ്‌ക്വാഡിനാണ് അന്വേഷണ ചുമതല. മൂവാറ്റുപുഴ ഡിവൈ.എസ്.പി ഈ സ്‌ക്വാഡിന്റെ മേല്‍നോട്ടം വഹിക്കുന്നു.

അതിനിടെ അര്‍ജുന്‍ ആയങ്കിക്കെതിരെ പുതിയൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആലുവ സൈബര്‍ പോലീസാണ് പുതിയ കേസ് എടുത്തത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതിന് കണ്ണൂര്‍ സൈബര്‍ പൊലീസും മുന്‍പ് കേസ് എടുത്തിരുന്നു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ‘വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്’ എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചത്.

Content Highlight: Ramesh Chennithala says no order was given to shoot Arjun Ayanki”