4 ദിവസം കൊണ്ട് 5 പാട്ടുകള്‍ ചെയ്ത ഒരേയൊരാള്‍; എന്താണ് ഇതെന്ന് ഞാന്‍ ചിന്തിച്ചു: രംഭ
Indian Cinema
4 ദിവസം കൊണ്ട് 5 പാട്ടുകള്‍ ചെയ്ത ഒരേയൊരാള്‍; എന്താണ് ഇതെന്ന് ഞാന്‍ ചിന്തിച്ചു: രംഭ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th August 2025, 10:20 am

1990 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് രംഭ. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ എട്ട് ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ രംഭക്ക് സാധിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിവയ്ക്ക് പുറമേ ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ഏതാനും ചിത്രങ്ങളിലും രംഭ അഭിനയിച്ചിരുന്നു. മമ്മൂട്ടി, കമല്‍ ഹാസന്‍, രജിനികാന്ത്, കലാഭവന്‍ മണി, ജയറാം, വിജയ്, ചിരഞ്ജീവി, പ്രഭു ദേവ, അര്‍ജുന്‍, സല്‍മാന്‍ ഖാന്‍, ദിലീപ് തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിക്കാനും സാധിച്ചു.

ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ മേഖലയിലെ അറിയപ്പെടുന്ന ഡാന്‍സ് കൊറിയോഗ്രാഫറായ കല മാസ്റ്ററിനെ കുറിച്ച് സംസാരിക്കുകയാണ് രംഭ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 400ല്‍ അധികം സിനിമകള്‍ക്ക് നൃത്ത സംവിധാനം ചെയ്ത മാസ്റ്ററാണ് കല.

താന്‍ കല മാസ്റ്ററിനെ ആദ്യമായി കാണുന്നത് ഒരു തമിഴ് സിനിമയുടെ ഭാഗമായി ഊട്ടിയില്‍ വെച്ചായിരുന്നുവെന്നും അന്ന് മാസ്റ്ററിനെ കണ്ടത് തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും രംഭ പറയുന്നു. ‘കല 40’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.

അന്ന് നാല് ദിവസം കൊണ്ട് അഞ്ച് പാട്ടുകള്‍ ഷൂട്ട് ചെയ്യണമായിരുന്നെന്നും താന്‍ അപ്പോള്‍ ‘എന്താണ് ഇത്. ആരാകും മാസ്റ്റര്‍’ എന്നായിരുന്നു ചിന്തിച്ചതെന്നും രംഭ പറഞ്ഞു. ഒപ്പം ആ പാട്ടുകള്‍ ഷൂട്ട് ചെയ്തതിന്റെ ഓര്‍മകളും നടി പങ്കുവെച്ചു.

‘അന്ന് കല മാസ്റ്റര്‍ ആരാണെന്ന് എനിക്ക് അറിയാമായിരുന്നു. അവര്‍ ഒരു വലിയ ഡാന്‍സ് മാസ്റ്റര്‍ ആണെന്ന കാര്യം അറിയാമെങ്കിലും ഞാന്‍ അവരുടെ കൂടെ അതുവരെ വര്‍ക്ക് ചെയ്തിരുന്നില്ല. നാല് ദിവസം കൊണ്ട് എങ്ങനെ അഞ്ച് പാട്ടുകള്‍ ഷൂട്ട് ചെയ്യുമെന്ന് ഞാന്‍ പേടിച്ചിരുന്നു.

അതും ഓരോ പാട്ടിനും നാല് ഡ്രസുകള്‍ ചേയ്ഞ്ച് ചെയ്യാനുണ്ടായിരുന്നു. അന്ന് മേക്കപ്പിനുള്ള വാന്‍ ഒന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ സമയത്ത് വണ്ടിയുടെ അടുത്ത് തുണി വലിച്ച് കെട്ടിയാണ് ഡ്രസ് മാറിയത്. അന്ന് നാല് ദിവസം കൊണ്ട് അഞ്ച് പാട്ടുകള്‍ എടുത്ത ഒരേയൊരു മാസ്റ്റര്‍ കല മാസ്റ്ററാണ്,’ രംഭ പറയുന്നു.


Content Highlight: Rambha Talks About Kala Master