നാലായിരം കോടിയുടെ രാമായണത്തില്‍ പോലും ഇജ്ജാതി ഐറ്റമില്ല, ഒ.ടി.ടിയിലും ചിരിപ്പിച്ച് മോഹിനീശ്വരീ പുരാണം
Malayalam Cinema
നാലായിരം കോടിയുടെ രാമായണത്തില്‍ പോലും ഇജ്ജാതി ഐറ്റമില്ല, ഒ.ടി.ടിയിലും ചിരിപ്പിച്ച് മോഹിനീശ്വരീ പുരാണം
അമര്‍നാഥ് എം.
Monday, 11th May 2026, 11:01 pm

കോമഡി സിനിമകള്‍ പോലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പാടുപെടുന്ന ഇന്നത്തെ കാലത്ത് ഡാര്‍ക്ക് കോമഡിയിലൂടെ കഥ പറഞ്ഞ് കൈയടി നേടിയ ചിത്രമാണ് മോഹിനിയാട്ടം. തിയേറ്ററില്‍ പരാജയമായി പിന്നീട് ഒ.ടി.ടിയില്‍ ശ്രദ്ധ നേടിയ ഭരതനാട്യത്തിന് സീക്വല്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ മറ്റൊരു ഫീല്‍ ഗുഡ് ചിത്രമെന്നാണ് പലരും കരുതിയത്.

എന്നാല്‍ വലിയൊരു ഴോണര്‍ ഷിഫ്റ്റ് നടത്തിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിച്ചു. ഒരിടത്തും ഡൗണാകാതെ കഥപറഞ്ഞ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രദര്‍ശനം നടത്തുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ചിത്രത്തിലെ പല രംഗങ്ങളും ഡയലോഗുകളും സിനിമാപേജുകളില്‍ വൈറലാണ്.

അത്തരത്തില്‍ അപ്രതീക്ഷിതമായി ലഭിച്ച കോമഡി രംഗമായിരുന്നു മോഹിനീശ്വരീ ദേവിയുടെ ഐതിഹ്യം. ഗവണ്മെന്റ് സര്‍വീസിലുണ്ടായിരുന്ന കാലത്ത് തങ്ങള്‍ക്ക് കിട്ടുന്ന കൈക്കൂലി വെളുപ്പിക്കാന്‍ വേണ്ടി ഭരതന്‍ നായര്‍ ആരംഭിച്ച അമ്പലവും അയാള്‍ പറഞ്ഞുപരത്തിയ ഐതിഹ്യവും ഗോവിന്ദരാജ വിവരിക്കുന്ന സീന്‍ ചിരിയുടെ പൂരം തീര്‍ത്തു.

‘സീതയെ അന്വേഷിച്ച് ലങ്കയിലേക്ക് പോകുന്ന വഴി ആര്യങ്കാവിലെ മൂന്നും കൂടിയ കവലയിലെത്തിയപ്പോള്‍ ശ്രീരാമന് ലെഫ്‌റ്റോ റൈറ്റോ എന്ന് കണ്‍ഫ്യൂഷനടിച്ച് നിന്നപ്പോള്‍ അവിടെ സംഭാരം വില്‍ക്കുന്ന ദരിദ്രയായ സ്ത്രീ ശ്രീരാമന് വഴികാട്ടി കൊടുത്തത്രേ. ശ്രീരാമന്‍ ക്ഷീണിതനാണെന്ന് കണ്ടപ്പോള്‍ കുടിക്കാന്‍ സംഭാരവും കഴിക്കാന്‍ കടലയും കടലമാവും ചേര്‍ത്ത പലഹാരവും സൗജന്യമായി നല്‍കി.

അവരുടെ നല്ല മനസിനോട് മതിപ്പ് തോന്നിയ ശ്രീരാമന്‍ ആ സ്ത്രീക്ക് ഒരു പാര്‍പ്പിടം നല്‍കി. വഴിതെറ്റി പോകേണ്ടിയിരുന്ന ശ്രീരാമന് വഴികാട്ടിയ മോഹിനീശ്വരി പിന്നീട് നൂറായിരം പേര്‍ക്ക് വഴികാട്ടിയായ മോഹിനീശ്വരീ ദേവിയായി. ഈ വീടാണ് പിന്നീട് ആര്യങ്കാവ് അമ്പലമായി മാറിയത്,’ ഗോവിന്ദരാജയുടെ ഈ നരേഷനൊപ്പം ശ്രീരാമന്റെ അനിമേഷനും കാണിക്കുന്നുണ്ട്.

ഇല്ലാത്ത കഥയെക്കാള്‍ ചിരിപ്പിച്ചത് ശ്രീരാമന്റെ ഡയലോഗാണ്. സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ് ആണ് ശ്രീരാമന് ശബ്ദം നല്‍കിയത്. ‘എന്റെ കൈയില്‍ നയാപൈസ… ചെയ്ഞ്ചില്ല’ എന്ന ഡയലോഗാണ് ഇതില്‍ ശ്രദ്ധേയം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് സംവിധായകന്‍ പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ട്.

ജാനകി എന്ന പേര് സീതയുടെ പര്യായമായതുകൊണ്ട് അത് സിനിമക്ക് ഇടാനാകില്ലെന്ന് പറഞ്ഞ സെന്‍സര്‍ ബോര്‍ഡ് ഈ സീന്‍ കാണാതെ പോയോ എന്നാണ് പലരും ചോദിക്കുന്നത്. ഇല്ലാത്ത ദൈവത്തിന്റെയും അമ്പലത്തിന്റെയും പേരില്‍ വിശ്വാസം മുതലെടുത്ത് ജീവിക്കുന്ന ഒരുകൂട്ടം ആളുകളെ കണക്കിന് പരിഹസിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ കൃഷ്ണദാസ് മുരളി.

Content Highlight: Ramayana reference placed in Mohiniyattam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം