രാമായണത്തിലെ ആ ഒരു ഭാഗത്തിന് സംഗീതം നല്കിക്കഴിഞ്ഞപ്പോള്‍ എ.ആര്‍ റഹ്‌മാനും ഹാന്‍സ് സിമ്മറും കരഞ്ഞു: രചയിതാവ് കുമാര്‍ വിശ്വാസ്
Indian Cinema
രാമായണത്തിലെ ആ ഒരു ഭാഗത്തിന് സംഗീതം നല്കിക്കഴിഞ്ഞപ്പോള്‍ എ.ആര്‍ റഹ്‌മാനും ഹാന്‍സ് സിമ്മറും കരഞ്ഞു: രചയിതാവ് കുമാര്‍ വിശ്വാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th October 2025, 10:57 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ചിത്രം എന്നതിനോടൊപ്പം സംഗീത ലോകത്തെ രണ്ട് ഇതിഹാസങ്ങളുടെ സംഗമവും കൂടിയാണ് നിതേഷ് തിവാരി ഒരുക്കുന്ന രാമായണ. ഓസ്‌കര്‍ ജേതാക്കളായ എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ് രാമായണത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ തന്നെ രോമാഞ്ചമുണര്‍ത്തുന്നതായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ കമ്പോസിങ് അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവ് കുമാര്‍ വിശ്വാസ്. ചിത്രത്തിന്റെ കമ്പോസിങ് വര്‍ക്കുകള്‍ വളരെ തകൃതിയായി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമാപ്രേമികള്‍ക്ക് മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നതെന്നും താന്‍ അത് നേരില്‍ കണ്ടിട്ടുണ്ടെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘പല സീനുകള്‍ക്കും ഗംഭീര സ്‌കോറുകളാണ് ഹാന്‍സ് സിമ്മറും റഹ്‌മാനും ഒരുക്കിയിട്ടുള്ളത്. ഒരു ബി.ജി.എമ്മിന് ഏഴ് ദിവസമൊക്കെയാണ് അവര്‍ എടുക്കുന്നത്. രാമന്‍ വനവാസത്തിനായി അയോധ്യയില്‍ നിന്ന് പോകുന്ന രംഗത്തിന് സംഗീതമൊരുക്കാന്‍ എഴ് ദിവസമാണ് അവര്‍ക്ക് വേണ്ടിവന്നത്. ആ ഒരു പോര്‍ഷന് ഒരുക്കിയ സംഗീതം കേട്ട് റഹ്‌മാനും ഹാന്‍സ് സിമ്മറും കരഞ്ഞു. അത്രമാത്രം ഗംഭീര വര്‍ക്കാണ്’ കുമാര്‍ വിശ്വാസ് പറഞ്ഞു.

അടുത്തിടെ നടന്ന ഒരു ചടങ്ങിലാണ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. പോസ്റ്റ് പ്രൊഡക്ഷനില്‍ സംഗീതത്തിന്റെ വര്‍ക്കുകള്‍ക്കൊപ്പം മറ്റ് കാര്യങ്ങളും ദ്രുതഗതിയില്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരെയും ബിഗ് സ്‌ക്രീനില്‍ രാമായണം കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും കുമാര്‍ വിശ്വാസ് പറയുന്നു.

4000 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളിലായാണ് രാമായണം പ്രേക്ഷകരിലേക്കെത്തുന്നത്. രണ്ട് ഭാഗങ്ങളുടെയും ഷൂട്ട് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ബജറ്റിന്റെ 90 ശതമാനവും ഗ്രാഫിക്‌സിന് വേണ്ടിയാണ് അണിയറപ്രവര്‍ത്തകര്‍ മാറ്റിവെച്ചത്. ഡ്യൂണ്‍, ഇന്റര്‍സ്റ്റെല്ലാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ഡി.എന്‍.ഇ.ജിയാണ് രാമായണത്തിന്റെ ഗ്രാഫിക്‌സ് ഒരുക്കുന്നത്.

രണ്‍ബീര്‍ കപൂറാണ് രാമനായി വേഷമിടുന്നത്. സായ് പല്ലവി സീതയായി വേഷമിടുമ്പോള്‍ രാവണനായി എത്തുന്നത് കന്നഡ താരം യഷ് ആണ്. രവി ദുബേ, സണ്ണി ഡിയോള്‍, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ആദ്യ ഭാഗം 2026ലും രണ്ടാം ഭാഗം 2027ലും പുറത്തിറങ്ങും.

Content Highlight: Ramayana Movie lyricist shares the composing experience