രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നാണ് അവരുടെ അജണ്ട; തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം വര്‍ഗീയ കലാപങ്ങളിലേക്ക് നീങ്ങുകയാണെന്ന് സായ്‌നാഥ്
Sabarimala women entry
രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നാണ് അവരുടെ അജണ്ട; തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം വര്‍ഗീയ കലാപങ്ങളിലേക്ക് നീങ്ങുകയാണെന്ന് സായ്‌നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th November 2018, 7:48 am

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യം വര്‍ഗീയ കലാപങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. മാധ്യമം ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടുത്ത പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവചാനാത്മകമായി ഒന്നും പറയാനാകില്ല. എന്നാല്‍ ഏപ്രിലോടെ രാജ്യത്ത് വര്‍ഗീയമായ സംഘര്‍ഷങ്ങള്‍ അരങ്ങേറും. സംഘപരിവാര്‍ നിരവധി കലാപങ്ങള്‍ സൃഷ്ടിക്കും. അതാണ് അവരുടെ രാഷ്ട്രീയം”.

ശബരിമല വിധിയില്‍ സംഭവിക്കുന്നത് അതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു അവസരം കിട്ടിയപ്പോള്‍ സ്വയം തിരുത്തുന്നതിന് പകരം രാഷ്ട്രീയമായ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. രാമക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് എന്നാണ് അവരുടെ അജണ്ട. രാജ്യത്തെ മുഴുവന്‍ സമയവും സംഘര്‍ഷങ്ങളില്‍ നിലനിര്‍ത്തുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ശബരിമല വിധിയെ മറികടക്കാന്‍ ഓഡിനന്‍സ് കൊണ്ട് വരില്ല; പ്രക്ഷോഭമാണ് മാര്‍ഗമെന്നും അമിത് ഷാ

തെരഞ്ഞെടുപ്പിന് മുന്‍പായി അവര്‍ക്കൊരിക്കലും രാമക്ഷേത്രം നിര്‍മ്മിക്കാനാകില്ല. അതുകൊണ്ട് അവര്‍ ശബരിമലയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ശബരിമല യഥാര്‍ത്ഥത്തില്‍ രാമക്ഷേത്രത്തിന്റെ പകരക്കാരനാണെന്നും സായ്‌നാഥ് പറഞ്ഞു.

സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്ത് നൂറുകണക്കിന് ശബരിമലകള്‍ ഉണ്ടാക്കിയെടുക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.മ്മിന്റെ പോരാട്ടം ഡി.എം.കെക്കൊപ്പം ; സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം യെച്ചൂരി

ശബരിമല വിധിയില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് വലിയ വിഡ്ഢിത്തമാണ് കാണിച്ചത്. അവര്‍ സംഘപരിവാറിനൊപ്പം കളിയിലേര്‍പ്പെട്ടിരിക്കുകയാണ്.

തങ്ങള്‍ക്ക് കിട്ടിയിരുന്ന വലിയൊരളവ് പിന്തുണ ബി.ജെ.പിയിലേക്ക് പോകുമെന്ന് അവര്‍ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: