ലഖ്‌നൗ: രാമക്ഷേത്ര ഫണ്ട് തട്ടിപ്പില്‍ ആരോപണ വിധേയരായ ചമ്പത്ത് റായുടെയും അനില്‍ മിശ്രയുടെയും രാജി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സ്വീകരിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നായിരുന്നു ചമ്പത്ത് റായ് രാജി സമര്‍പിച്ചത്. ക്ഷേത്രം ട്രസ്റ്റി സ്ഥാനത്തുനിന്നായിരുന്നു അനില്‍ മിശ്രയുടെ രാജി.
ക്ഷേത്ര ട്രസ്റ്റിന്റെ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി സ്വീകരിക്കാനുള്ള തീരുമാനം. ചമ്പത്ത് റായ്ക്ക് പകരം ട്രസ്റ്റി ക്രിഷ്ണ മോഹനെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിച്ചതായി ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരിയെ പ്രഖ്യാപിച്ചു.
ജൂണ്‍ 27നായിരുന്നു ചമ്പത്ത് റായും അനില്‍ മിശ്രയും രാജി സമര്‍പിച്ചത്. തട്ടിപ്പില്‍ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായും ട്രസ്റ്റിയായിരുന്ന അനില്‍ മിശ്രയും അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ഇരുവരും രാജി സമര്‍പ്പിച്ച ദിവസം തന്നെയാണ് കേസില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതും. അനുകല്‍പ് മിശ്ര, ലവകുഷ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ, രാംശങ്കര്‍ യാദവ് എന്ന ടിന്നു യാദവ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരെ മാത്രം പ്രതികളാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും.
കേസിലെ എഫ്.ഐ.ആറിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിരുന്നു. എഫ്.ഐ.ആറില്‍ ചമ്പത്ത് റായ് അടക്കമുള്ള ഉന്നതരെ പൊലീസ് ഒഴിവാക്കിയെന്നും ഇവരെ ഭരണ കക്ഷിയായ ബി.ജെ.പി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.