ലഖ്‌നൗ: ശ്രീരാമനെ ആരാധിക്കുന്നിടത്തോളം രാജ്യത്തെ ദ്രോഹിക്കാനാവില്ലെന്ന സോഷ്യലിസ്റ്റ് നേതാവ് ഡോ. രാം മനോഹർ ലോഹ്യയുടെ വാക്കുകൾ മറക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ ദ്വിഗ്‌വിജയ് സ്മൃതി ഭവനിൽ നടന്ന ശ്രീരാമകഥയുടെയും ഗുരുപൂർണിമ മഹോത്സവത്തിൻ്റെയും സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ആദിത്യനാഥ്.
ഭാരതീയർ മര്യാദ പുരുഷോത്തമൻ ശ്രീരാമനെയും ലീലാപുരുഷോത്തമൻ മുരളീമനോഹർ ശ്രീകൃഷ്ണനെയും ദേവാധിദേവ് മഹാദേവ് ശങ്കറെയും ആരാധിക്കുന്നിടത്തോളം കാലം ലോകത്തെ ഒരു ശക്തിക്കും രാജ്യത്തെ ദ്രോഹിക്കാൻ കഴിയില്ലെന്ന സോഷ്യലിസ്റ്റ് നേതാവ് ഡോ. രാം മനോഹർ ലോഹ്യയുടെ വീക്ഷണങ്ങളെ യോഗി ആവർത്തിച്ചു.
‘ഭാരതീയർ മര്യാദ പുരുഷോത്തമൻ ശ്രീരാമനെയും ലീലാപുരുഷോത്തമൻ മുരളീമനോഹർ ശ്രീകൃഷ്ണനെയും ദേവാധിദേവ് മഹാദേവ് ശങ്കറെയും ആരാധിക്കുന്നിടത്തോളം കാലം ലോകത്തെ ഒരു ശക്തിക്കും രാജ്യത്തെ ദ്രോഹിക്കാൻ കഴിയില്ല. ലോഹ്യയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്നവർ ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണ്. എന്നാൽ ഒരു കാര്യം ഉറപ്പാണ്, ശ്രീരാമനെ എതിർക്കുന്ന ആർക്കും നാശം നേരിടേണ്ടിവരും,’ യോഗി പറഞ്ഞു.
സോഷ്യലിസ്റ്റും, സ്വാതന്ത്ര്യ സമര സേനാനിയും, കോൺഗ്രസ് പാർട്ടിയുടെ കടുത്ത വിമർശകനുമായ ഡോ. ലോഹ്യ രാമായണ മേളകൾക്ക് തുടക്കമിട്ടതായും സനാതന ധർമത്തിനുവേണ്ടി ഉറച്ചുനിന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീരാമൻ, ശ്രീകൃഷ്ണൻ, ശങ്കരൻ എന്നിവരുമായി ബന്ധപ്പെട്ട ഇതിഹാസങ്ങൾ വെറും കഥകളല്ലെന്ന് വാദിച്ച യോഗി ആദിത്യനാഥ്, അവ നമ്മുടെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും പരിഷ്കൃത സംസ്കാരത്തിന്റെ ഉന്നത ആദർശങ്ങളുടെയും പ്രതീകങ്ങളാണെന്ന് പറഞ്ഞു.
‘ശ്രീരാമൻ, ശ്രീകൃഷ്ണൻ, ഭഗവാൻ ശങ്കരൻ, അവരുമായി ബന്ധപ്പെട്ട ഇതിഹാസങ്ങൾ എന്നിവ വെറും കഥകളല്ല, അവ നമ്മുടെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും പരിഷ്കൃത സംസ്കാരത്തിന്റെ ഉന്നത ആദർശങ്ങളുടെയും പ്രതീകങ്ങളാണ്. ഈ പൈതൃകങ്ങൾ സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. രാമൻ, കൃഷ്ണൻ, ശിവൻ എന്നിവർ സനാതന ധർമത്തിന്റെ ജീവിക്കുന്ന രൂപങ്ങളാണ്. ഇന്ത്യയുടെ ആത്മാവാണ് സനാതന ധർമം. നമ്മളും സനാതനരാണ്. ഇന്ത്യയ്ക്ക് ഒരു മതമേയുള്ളൂ. സനാതന ധർമം,’ യോഗി പറഞ്ഞു.
കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത് ദൂരദർശനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരിപാടി രാമായണം ആണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Content Highlight: Ram, Krishna and Shankar are symbols of our faith and heritage: UP CM Adityanath