ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളി രാജ്യസഭാധ്യക്ഷന്‍ സി.പി രാധാകൃഷ്ണന്‍. പ്രതിപക്ഷത്തെ 193 എം.പിമാര്‍ ഒപ്പുവെച്ച പ്രമേയമാണ് ഉപരാഷ്ട്രപതി തള്ളിയത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324(5), 2023 ലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മീഷണേഴ്സ് ആക്ട്, 1968 ലെ ജഡ്ജിസ് (ഇന്‍ക്വയറി) ആക്ട് എന്നിവ പ്രകാരം ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്യസഭയില്‍ പ്രമേയം സമര്‍പ്പിച്ചതെന്ന് രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദി പുറത്തിറക്കിയ പാര്‍ലമെന്ററി ബുള്ളറ്റിനിലൂടെ അറിയിച്ചു.
എല്ലാ വശങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തി 1968 ലെ ജഡ്ജിസ് (ഇന്‍ക്വയറി) ആക്ടിന്റെ സെക്ഷന്‍ 3 പ്രകാരമുള്ള തന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് ചെയര്‍മാന്‍ പ്രമേയം അംഗീകരിക്കാന്‍ വിസമ്മതിച്ചുവെന്ന് രാജ്യസഭാ അംഗങ്ങള്‍ക്കുള്ള അറിയിപ്പില്‍ പറഞ്ഞു.
മാര്‍ച്ച് 12 ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് സമര്‍പ്പിച്ചിരുന്നു.
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്.ഐ.ആര്‍) ക്രമക്കേട് നടത്തി നിരവധി വോട്ടര്‍മാരെ ഒഴിവാക്കിയെന്നതാണ് പ്രധാന ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് ചര്‍ച്ചയ്‌ക്കെത്തിയ ടി.എം.സി നേതാക്കളുടെ പ്രതിനിധി സംഘത്തോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ മോശമായി പെരുമാറിയെന്നും പ്രമേയത്തില്‍ പറയുന്നു.
ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രമേയത്തില്‍ ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രതിപക്ഷ കക്ഷിയായ ഇന്ത്യ ബ്ലോക്ക് ഇംപീച്ച്‌മെന്റ് പ്രമേയം സമര്‍പ്പിച്ചത്. ലോക്‌സഭയില്‍ നിന്നുള്ള 130 അംഗങ്ങളും രാജ്യസഭയിലെ 63 അംഗങ്ങളും ഒപ്പുവെച്ച പ്രമേയമാണ് സമര്‍പ്പിച്ചിരുന്നത്.