അന്ന് ബിയര്‍ കഴിച്ച് ഇളയരാജ സാമി കാണിച്ചുകൂട്ടിയത് എനിക്കും മഹേന്ദ്രന്‍ സാറിനും മാത്രമേ അറിയുള്ളൂ: രജിനികാന്ത്
Indian Cinema
അന്ന് ബിയര്‍ കഴിച്ച് ഇളയരാജ സാമി കാണിച്ചുകൂട്ടിയത് എനിക്കും മഹേന്ദ്രന്‍ സാറിനും മാത്രമേ അറിയുള്ളൂ: രജിനികാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th September 2025, 3:24 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംഗീതസംവിധായകരിലൊരാളാണ് ഇളയരാജ. ഇസൈജ്ഞാനി എന്ന പേരില്‍ സിനിമാലോകം അഭിസംബോധന ചെയ്യുന്ന ഇളയരാജയുടെ പാട്ട് മൂളാത്ത സിനിമാപ്രേമികളില്ല. ഏഴ് ഭാഷകളിലായി എട്ടായിരത്തിലധകം പാട്ടുകള്‍ ചിട്ടപ്പെടുത്തിയ ഇളയരാജ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളുമില്ല.

സിനിമാലോകത്ത് ഇളയരാജയുടെ 50ാം വര്‍ഷത്തിന്റ ആഘോഷം കഴിഞ്ഞദിവസം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, രജിനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി സിനിമാലോകത്തെ പല വമ്പന്മാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും ഇളയരാജയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

രജിനിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ തന്നെക്കുറിച്ച് രജിനി ഒരു രഹസ്യം പറയുമെന്ന് രണ്ട് ദിവസം മുമ്പ് വിളിച്ച് പറഞ്ഞിരുന്നു എന്ന് ഇളയരാജ പറയുകയായിരുന്നു. എല്ലാവരും അറിയട്ടെ എന്ന ചിന്തയില്‍ താന്‍ അതില്‍ ഒന്നും പറയാന്‍ പോയില്ലെന്നും താന്‍ പണ്ട് മദ്യപിച്ചിരുന്നു എന്ന കാര്യമാണ് രജിനി പറയാന്‍ പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇളയരാജയുടെ പ്രസംഗത്തിനിടയില്‍ പിന്നീട് രജിനി ഇടക്ക് കയറി സംസാരിക്കുകയായിരുന്നു.

‘അദ്ദേഹം ആ കാര്യം വളരെ സിമ്പിളായി പറഞ്ഞ് തീര്‍ക്കാന്‍ പോവുകയാണ്. അന്ന് നടന്നത് എന്താണെന്ന് എനിക്കും മഹേന്ദ്രന്‍ സാറിനും മാത്രമേ അറിയുള്ളൂ. ജോണി എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം, അന്ന് ലോക്കേഷനിലേക്ക് സ്വാമി(ഇളയരാജ)യും മഹേന്ദ്രന്‍ സാറും വന്നിരുന്നു. വൈകിട്ട് ഷൂട്ടൊക്കെ കഴിഞ്ഞ് റൂമിലെത്തിയ ശേഷം ഞാനും മഹേന്ദ്രനും മദ്യപിക്കാന്‍ തീരുമാനിച്ചു.

സ്വാമിയെ വിളിച്ചാലോ എന്ന് ആലോചിച്ചു. ‘സ്വാമി, ഞങ്ങള്‍ സേവ നടത്താന്‍ പോവുകയാണ്, ഒരു ബിയര്‍ എടുക്കട്ടെ (കുപ്പിയുടെ ആംഗ്യത്തോടെ) എന്ന് ചോദിച്ചു. ശരിയെന്ന് അര്‍ത്ഥം വരുന്ന രീതിയില്‍ അദ്ദേഹം കൈ കാണിച്ചു. അരക്കുപ്പി ബിയര്‍ ഒറ്റക്ക് തീര്‍ത്തിട്ട് അദ്ദേഹം നടത്തിയ ആട്ടം. അയ്യയ്യോ, മറക്കാനാകില്ല.

പുലര്‍ച്ചെ മൂന്ന് മണി വരെ സംസാരിച്ചുകൊണ്ടേയിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും സംസാരിച്ചു. എല്ലാം കഴിഞ്ഞ് ഗോസിപ്പുകളിലെത്തിയപ്പോള്‍ അത് കൂടുതല്‍ പറയാന്‍ ആവശ്യപ്പെട്ടു. ഇടക്ക് മഹേന്ദ്രന്‍ സാര്‍ റെക്കോഡിങ്ങിന്റെ കാര്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ മൈന്‍ഡ് ചെയ്യാതെ ഇരിക്കുകയും ചെയ്തു. സ്വാമിയെ ആ ഒരൊറ്റത്തവണ മാത്രമാണ് അങ്ങനെ കണ്ടത്,’ രജിനികാന്ത് പറയുന്നു.

en iniya Ponnilawe; Delhi High Court says copyright does not belong to Ilayaraja

മദ്യപാനം പോലുള്ള ദുശ്ശീലമില്ലാത്തയാളാണെന്ന് എല്ലാവരും കരുതിയ ഇളയരാജയെക്കുറിച്ച് രജിനി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വലിയൊരു സദസില്‍ തന്നെക്കുറിച്ചുള്ള രഹസ്യം പറയുമ്പോഴും അത് ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഇളയരാജയുടെ റിയാക്ഷനും എല്ലാവരും ചര്‍ച്ച ചെയ്യുകയാണ്. രജിനിയും ഇളയരാജയും തമ്മിലുള്ള സൗഹൃദത്തെയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

Content Highlight: Rajnikanth speech about Ilaiyaraja viral in Social Media