പടയപ്പയില്‍ ഷര്‍ട്ടില്ലാതെ ഫൈറ്റ് ചെയ്താലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ചിരി നിര്‍ത്തിയില്ല: രജിനികാന്ത്
Indian Cinema
പടയപ്പയില്‍ ഷര്‍ട്ടില്ലാതെ ഫൈറ്റ് ചെയ്താലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ചിരി നിര്‍ത്തിയില്ല: രജിനികാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th December 2025, 3:25 pm

രജിനിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ പടയപ്പ റീ റിലീസിന് തയാറെടുക്കുകയാണ്. 25 വര്‍ഷം മുമ്പ് തമിഴില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം 4K സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ചിത്രത്തിന്റെ ഓര്‍മകള്‍ രജിനികാന്ത് പങ്കുവെക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് കനല്‍ കണ്ണനായിരുന്നെന്ന് രജിനി പറഞ്ഞു. വളരെ വ്യത്യസ്തമായ ഒരു ക്യാരക്ടറാണ് കനല്‍ കണ്ണന്റേതെന്നും സെറ്റില്‍ പലപ്പോഴും അയാള്‍ തന്നെ ചിരിപ്പിച്ചിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. മുത്തു എന്ന സിനിമയിലാണ് താന്‍ ആദ്യമായി കനല്‍ കണ്ണനെ ശ്രദ്ധിച്ചതെന്നും അദ്ദേഹം പറയുന്നു.

‘പടയപ്പയുടെ സമയത്താണ് ഞാന്‍ അയാളുമായി അടുക്കുന്നത്. എന്നോട് സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ  ‘സാര്‍ ഒന്നും തോന്നരുത്, ഞാന്‍ കമല്‍ ഹാസന്റെ ഫാനാണ്’ എന്ന് പറഞ്ഞു. ഇവന്‍ കമല്‍ ഹാസന്റെ ഫാനായതിന് എനിക്കെന്ത് തോന്നാന്‍ എന്നായിരുന്നു ചിന്തിച്ചത്. പിന്നീട് ഓരോ സീനിലും ഞാന്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ട് അവന്‍ എന്നെ അഭിനന്ദിച്ചു.

‘സാര്‍ നിങ്ങള്‍ കിടിലനായി അഭിനയിക്കുന്നുണ്ട് കേട്ടോ’ എന്നായിരുന്നു അവന്റെ കമന്റ്. ഇത് കേട്ട് സംവിധായകന്‍ അവനെ വിളിച്ച് മാറ്റിനിര്‍ത്തിയിട്ട് ‘നന്നായിട്ട് അഭിനയിക്കാനറിയില്ലെങ്കില്‍ ഇത്രയും കാലം സൂപ്പര്‍സ്റ്റാറായി നില്‍ക്കാന്‍ പറ്റുമോ’ എന്നായിരുന്നു അയാള്‍ ചോദിച്ചത്. ചില സമയത്തെ അവന്റെ പെരുമാറ്റം കാണുമ്പോള്‍ ചിരി വരുമായിരുന്നു,’ രജിനികാന്ത് പറഞ്ഞു.

ചിത്രത്തിലെ ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്ത അനുഭവം ഒരിക്കലും മറക്കില്ലെന്നും രണ്ട് ദിവസമെടുത്താണ് ആ ഫൈറ്റ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് താനായിരുന്നു ഷര്‍ട്ടില്ലാതെ ഫൈറ്റ് ചെയ്യാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും രജിനി പറഞ്ഞു. എന്നാല്‍ സംവിധായകന് അതില്‍ സംശയമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

‘എന്റെ ശരീര പ്രകൃതം കണ്ടിട്ട് രവിക്ക് സംശയമായി. ആളുകള്‍ എന്റെ ബോഡി കണ്ടിട്ട് ചിരിക്കുമോ എന്നായിരുന്നു രവിയുടെ പേടി. ഇക്കാര്യം കനല്‍ കണ്ണനോട് പറഞ്ഞു. ഞാന്‍ പറഞ്ഞു തീര്‍ന്നതും അയാള്‍ ചിരി ആരംഭിച്ചു. ‘ചുമ്മാ തമാശയാക്കല്ലേ’ എന്നാണ് അവന്‍ പറഞ്ഞത്. ഞാന്‍ പിന്നീട് ഷര്‍ട്ടഴിച്ച് ബോഡി കാണിച്ചുകൊടുത്തു. അയാള്‍ ഞെട്ടിപ്പോയി. ബോഡിയില്‍ എണ്ണ തേച്ചിട്ടാണ് ആ സീന്‍ ഷൂട്ട് ചെയ്തത്,’ രജിനി പറയുന്നു.

Content Highlight: Rajnikanth shares the memories of Padayappa Movie