43 വര്‍ഷങ്ങള്‍ക്ക് ശേഷം രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരുന്നു. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിനും മികച്ച വരവേല്പാണ് ലഭിച്ചത്. ഡോണിന് ശേഷം സിബി ചക്രവര്‍ത്തി ഒരുക്കുന്ന തലൈവര്‍ 173 അധികം വൈകാതെ ഷൂട്ടിങ് ആരംഭിക്കും. എന്നാല്‍ ഇതിനെക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയാണ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നത്.
തലൈവര്‍ 173ക്ക് ശേഷം ഈ ഐക്കോണിക് കോമ്പോ വീണ്ടും ഒന്നിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിബി ചക്രവര്‍ത്തി ഒരുക്കുന്നത് ലൈറ്റ് ഹാര്‍ട്ടഡ് സബ്ജക്ടാണെന്നും അതിന് ശേഷം ഗംഭീര ആക്ഷന്‍ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലര്‍, ഡോക്ടര്‍ എന്നീ ചിത്രങ്ങളൊരുക്കിയ നെല്‍സണാകും ഈ പ്രൊജക്ടിന്റെ സംവിധായകനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയിലര്‍ 2ന്റെ ഷൂട്ടിന് ശേഷമാകും ഈ പ്രൊജക്ട് അനൗണ്‍സ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഹൈദരബാദില്‍ അവസാനഘട്ട ചിത്രീകരണത്തിലാണ് ജയിലര്‍ 2. തലൈവര്‍ 173ല്‍ നിര്‍മാതാവായി മാത്രമാകും കമല്‍ എത്തുകയെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ഇരുവരെയും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണുക എന്ന ആരാധകരുടെ ആഗ്രഹം തലൈവര്‍ 174ലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഇതുവരെ ആയിരം കോടി ക്ലബ്ബില്‍ ഇടം നേടാനാകാത്ത കോളിവുഡ് ഈ പ്രൊജക്ടിലൂടെ 2000 കോടി ക്ലബ്ബില്‍ കയറുമെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നുണ്ട്.
ക്യാമറക്ക് പിന്നിലും വമ്പന്‍ ടീം തന്നെയാണ് തലൈവര്‍ 174നായി അണിനിരക്കുക. നടനും സംവിധായകനുമായ രാജീവ് മേനോനാകും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. റോക്ക്‌സ്റ്റാര്‍ അനിരുദ്ധിന്റെ സംഗീതം തലൈവര്‍ 174നെ മറ്റൊരു തലത്തിലേക്കെത്തിക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അഭിനയജീവിതത്തിന്റെ 50ാം വര്‍ഷത്തിലേക്ക് കടന്ന രജിനിക്ക് നല്‍കാവുന്ന ഏറ്റവും നല്ല ട്രിബ്യൂട്ടാകും അദ്ദേഹത്തിന്റെ അടുത്ത പ്രൊജക്ടുകള്‍.
അതേസമയം ജയിലര്‍ 2 ഈ വര്‍ഷം ഓഗസ്റ്റില്‍ തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന് ഇത്തവണ നേരിടേണ്ടി വരുന്നത് വലിയ ടീമിനെയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഏകദേശം ഒരുവര്‍ഷത്തോളമായി ചിത്രത്തിന്റെ ഷൂട്ട് നടക്കുകയാണ്. അട്ടപ്പാടിയില്‍ ആരംഭിച്ച ഷൂട്ട് പിന്നീട് ചെന്നൈ, കോഴിക്കോട്, ഹൈദരബാദ്, ഗോവ, മുംബൈ എന്നിവിടങ്ങളിലായാണ് പുരോഗമിക്കുന്നത്.
മോഹന്‍ലാലിനെയും വിനായകനെയും കൂടാതെ ഒരുപിടി മലയാള താരങ്ങള്‍ ജയിലര്‍ 2ന്റെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, വിനീത് തട്ടില്‍, അന്ന രാജന്‍, ഷൈന്‍ ടോം ചാക്കോ, സുജിത് ശങ്കര്‍ എന്നിവരാണ് പ്രധാന മലയാളി താരങ്ങള്‍. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ പ്രധാന വില്ലനെന്നും റൂമറുകളുണ്ട്. കൂലിയില്‍ കിട്ടാത്ത തലൈവര്‍ ഷോ ജയിലര്‍ 2വില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.