മറ്റ് ഇന്‍ഡസ്ട്രികളിലെ സിനിമകള്‍ കോടി ക്ലബ്ബുകളില്‍ ഇടംപിടിക്കുമ്പോള്‍ അതെല്ലാം സ്വപ്‌നം മാത്രമായിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു മോളിവുഡ്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഗംഭീര കണ്ടന്റുള്ള സിനിമകള്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ സ്വന്തമാക്കുകയാണ്. മോളിവുഡ് ബോക്‌സ് ഓഫീസിലെ രാജാവായ മോഹന്‍ലാലിന്റെ പേരിലാണ് ഏറ്റവുമധികം റെക്കോഡുകള്‍.

കേരളത്തില്‍ നിന്ന് മാത്രം 50, 100 കോടി നേടാമെന്ന് തെളിയിച്ചത് മോഹന്‍ലാലാണ്. പുലിമുരുകനിലൂടെ കേരളത്തില്‍ നിന്ന് ആദ്യമായി 50 കോടി നേടിയ മോഹന്‍ലാല്‍ തുടരുമിലൂടെ 100 കോടിയും സ്വന്തമാക്കി. കേരളത്തില്‍ നിന്ന് മാത്രം 50 കോടി നേടിയ സിനിമകളിലെ പുതിയ എന്‍ട്രിയായി മാറിയിരിക്കുകയാണ് ജയിലര്‍ 2. റിലീസ് ചെയ്ത് വെറും ആറ് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടത്തിലെത്തിയത്.

ഇതോടെ കേരളത്തില്‍ നിന്ന് മാത്രം ഒന്നിലധികം 50 കോടി ചിത്രങ്ങളുള്ള അന്യഭാഷ നടനായി രജിനികാന്ത് മാറിയിരിക്കുകയാണ്. ജയിലറിന്റെ ആദ്യഭാഗവും കേരളത്തില്‍ നിന്ന് 50 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ കേരളത്തില്‍ ബാഹുബലി 2ന്റെ കളക്ഷന്‍ ജയിലര്‍ 2 മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍.

വിജയ് (ലിയോ), യഷ് (കെ.ജി.എഫ് 2), പ്രഭാസ് (ബാഹുബലി 2) എന്നിവരാണ് രജിനിയല്ലാതെ ഈ ലിസ്റ്റിലെ മറ്റ് അന്യഭാഷാ താരങ്ങള്‍. മറ്റാര്‍ക്കും ഈ നേട്ടം ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. ഈ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിനിമകളുള്ളത് മോഹന്‍ലാലിനാണ്. നാല് സിനിമകളാണ് മോഹന്‍ലാലിന്റേതായി ഉള്ളത്.

പുലിമുരുകന്‍, ദൃശ്യം 3, എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. തൊട്ടുപിന്നാലെ രണ്ട് സിനിമകളുമായി നിവിന്‍ പോളിയും ലിസ്റ്റിലുണ്ട് സര്‍വ്വം മായ 75 കോടി നേടിയപ്പോള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് 150 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം നേടിയത്. മറ്റൊരു താരത്തിനും കേരളത്തില്‍ നിന്ന് മാത്രം ഒന്നിലധികം 50 കോടി ചിത്രങ്ങളില്ല.

അഭിനയത്തില്‍ പ്രേക്ഷകരെ ഇപ്പോഴും വിസ്മയിപ്പിക്കുന്ന മമ്മൂട്ടി ഈ ലിസ്റ്റില്‍ പോലുമില്ലെന്നതാണ് ശ്രദ്ധേയം. കേരളത്തില്‍ മമ്മൂട്ടിയുടെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ ഭീഷ്മ പര്‍വ്വത്തിന്റേതാണ്. 47 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. വരാനിരിക്കുന്ന പ്രൊജക്ടുകളിലൂടെ മമ്മൂട്ടി ഈ ലിസ്റ്റില്‍ ഇടംപിടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Rajnikanth became the third actor who have multiple 50 crore movies from Kerala Box office