75ാം വയസിലും തന്റെ ബോക്‌സ് ഓഫീസ് പവര്‍ എത്രയുണ്ടെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ജയിലര്‍ 2 വമ്പന്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതോടെ ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷന്‍ നേടിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറാന്‍ എല്ലാ സാധ്യതയും ജയിലര്‍ 2ന് മുമ്പിലുണ്ട്.

കേരളത്തില്‍ ആദ്യദിനം 13 കോടിക്കടുത്ത് നേടി റെക്കോഡിട്ടതോടെ രജിനി ചരിത്രമെഴുതിയിരിക്കുകയാണ്. ഇന്ത്യയിലെ മേജര്‍ ടെറിട്ടറികളിലെല്ലാം 10 കോടിക്ക് മുകളില്‍ ഓപ്പണിങ്ങും 50 കോടിക്ക് മുകളില്‍ ഫൈനല്‍ കളക്ഷനുമുള്ള ഒരേയൊരു താരമായി തലൈവര്‍ മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സൂപ്പര്‍താരത്തിനും ഈയൊരു നേട്ടം സ്വന്തമാക്കാനായിട്ടില്ല.

ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ പ്രഭാസിന് ഈ നേട്ടത്തിന്റെ അടുത്ത് പോലും എത്താനായില്ലെന്ന് പറയുമ്പോഴാണ് രജിനി എന്ന താരത്തിന്റെ വലിപ്പം മനസിലാകുന്നത്. ജയിലര്‍, കൂലി, ജയിലര്‍ 2 എന്നീ മൂന്ന് സിനിമകളിലൂടെയാണ് രജിനി ബോക്‌സ് ഓഫീസിലെ അപൂര്‍വ റെക്കോഡിലെത്തിയത്.

ജയിലറിന്റെ ആദ്യഭാഗം സൗത്ത് ഇന്ത്യയിലെ നാല് റീജിയണുകളിലും 50 കോടിക്ക് മുകളില്‍ നേടിയിരുന്നു. തമിഴ്‌നാട്ടില്‍ 190 കോടിക്കടുത്ത് നേടിയപ്പോള്‍ ആന്ധ്ര/ തെലങ്കാനയില്‍ 84 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. കര്‍ണാടകയില്‍ നിന്ന് 66 കോടി നേടിയപ്പോള്‍ കേരളത്തിലും 50 കോടിക്ക് മുകളില്‍ ജയിലര്‍ സ്വന്തമാക്കി.

പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ കൂലി നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് നേടിയത് 50 കോടിയായിരുന്നു. ഇപ്പോഴിതാ ജയിലര്‍ 2ലൂടെ ഓപ്പണിങ് ഡേയിലും സൂപ്പര്‍സ്റ്റാര്‍ റെക്കോഡിട്ടിരിക്കുകയാണ്. നാല് ദിവസം അവധിയായതിനാല്‍ ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പ് തന്നെ ചിത്രം നടത്തുമെന്നാണ് കണക്കുകൂട്ടല്‍.

ഫൈനല്‍ റണ്ണില്‍ 1000 കോടി എന്ന മാന്ത്രിക സംഖ്യ തൊടുന്നതിനൊപ്പം തമിഴ്‌നാട്ടിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റും തലൈവര്‍ തൂക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തനിക്ക് ഒപ്പം വന്നവരും തനിക്ക് ശേഷം വന്നവരും കളത്തില്‍ നിഷ്പ്രഭരാകുമ്പോഴും ആര്‍ക്കും തൊടാനാകാത്ത ഉയരത്തില്‍ നില്‍ക്കുകയാണ് രജിനികാന്ത്. ഇനിയങ്ങോട്ടും രജിനിയുടെ വിശ്വരൂപം ബോക്‌സ് ഓഫീസിന് മുന്നില്‍ വെളിവാകുമെന്നാണ് പലരുടെയും പ്രവചനം.

Content Highlight: Rajni created a rare Box office record after Jailer 2 release